| Wednesday, 28th April 2021, 7:32 pm

ലോക്ക്ഡൗണാണ് ജോലിയൊന്നുമില്ല, സര്‍ക്കാര്‍ റേഷന്‍ തികയുന്നില്ലെന്ന് കര്‍ഷകന്‍; എന്നാല്‍ പോയി ചത്തൂടെയെന്ന് കര്‍ണ്ണാടക മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരൂ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ തികയുന്നില്ലെന്ന് പരാതി പറഞ്ഞ കര്‍ഷകനോട് പോയി ചത്തൂടെയെന്ന് കര്‍ണ്ണാടക ഭക്ഷ്യമന്ത്രി ഉമേഷ് ഖാട്ടി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് മന്ത്രി ഇത്തരത്തില്‍ പെരുമാറിയത്.

ഇപ്പോള്‍ നല്‍കുന്ന 2 കിലോ അരി എങ്ങനെയാണ് ഒരു കുടുംബത്തിന് തികയുക എന്നായിരുന്നു കര്‍ഷകന്‍ ചോദിച്ചത്. സര്‍ക്കാര്‍ മൂന്ന് കിലോ റാഗി തരുന്നുണ്ടല്ലോയെന്ന് മന്ത്രി മറുപടിയായി പറഞ്ഞു. എന്നാല്‍ വടക്കന്‍ കര്‍ണ്ണാടക പ്രദേശങ്ങളില്‍ ഇവ ലഭിക്കുന്നില്ലെന്ന് കര്‍ഷകന്‍ മറുപടി നല്‍കി.

അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഭക്ഷ്യധാന്യം എത്തിക്കാമെന്നും മന്ത്രി പറഞ്ഞു. അതുവരെ ഞങ്ങള്‍ പട്ടിണി കിടന്ന് ചത്തുപോകണമെന്നാണോ എന്ന് കര്‍ഷകന്‍ ചോദിച്ചപ്പോഴാണ് എന്നാല്‍ പിന്നെ അതാകും നല്ലതെന്ന് മന്ത്രി പറഞ്ഞത്.

‘എന്നാല്‍ പിന്നെ മരിക്കുന്നതാണ് നല്ലത്. അതിനുവേണ്ടി തന്നെയാണ് ഭക്ഷ്യവിതരണം കുറച്ചത്. മേലാല്‍ ഇക്കാര്യത്തിനായി എന്നെ വിളിക്കരുത്’, മന്ത്രി പറഞ്ഞു. ഫോണ്‍ സംഭാഷണം പുറത്തായതോടെ മന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 26നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചിരുന്നു.

ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് തീരുമാനം. കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Karnataka Minister Asks Farmer To Go Die

We use cookies to give you the best possible experience. Learn more