| Monday, 24th October 2022, 7:42 pm

'ഒരു ലക്ഷം രൂപ, പതിനെട്ട് പവന്‍ സ്വര്‍ണം...'; ജനപ്രതിനിധികള്‍ക്കുള്ള കര്‍ണാടക മന്ത്രിയുടെ ദീപാവലി സമ്മാനം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വില കൂടിയ സമ്മാനങ്ങള്‍ നല്‍കിയ കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിങിന്റെ നടപടി വിവാദത്തില്‍. സ്വന്തം മണ്ഡലമായ ഹോസാപേട്ടിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് ആനന്ദ് സിങ് സമ്മാനം നല്‍കിയത്.

തന്റെ വീട്ടില്‍ നടന്ന ലക്ഷ്മി പൂജയ്ക്കുള്ള ക്ഷണക്കത്തിനൊപ്പമായിരുന്നു ജനപ്രതിനിധികള്‍ക്ക് ഒരു ലക്ഷം രൂപ, പതിനെട്ട് പവന്‍ സ്വര്‍ണം, ഒരു കിലോ വെള്ളി, കൂടാതെ പട്ടുസാരിയും മുണ്ടും ഡ്രൈ ഫ്രൂട്ട്‌സും അടങ്ങിയ സമ്മാന പൊതികള്‍ മന്ത്രി നല്‍കിയത്.

കൊത്ത് പണികളോട് കൂടി ബോക്‌സിലായി രണ്ട് സെറ്റ് സമ്മാന പൊതികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള സമ്മാന പൊതികളില്‍ സ്വര്‍ണം ഇല്ലായിരുന്നു. എന്നാല്‍ ഇവര്‍ക്കുള്ള സമ്മാന പൊതികളിലും പണമുണ്ടായിരുന്നു.

ഹോസാപേട്ട് നിയോജക മണ്ഡലത്തില്‍ 35 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അഞ്ച് നോമിനേറ്റഡ് അംഗങ്ങളുമാണ് ഉള്ളത്. പത്ത് ഗ്രാമ പഞ്ചായത്തുകളിലായി 182 അംഗങ്ങളാണുള്ളത്. ഇവരില്‍ ചിലര്‍ ആനന്ദ് സിങിന്റെ സമ്മാനങ്ങള്‍ നിരസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസംബ്ലി തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ആനന്ദ് സിങിന്റെ നീക്കമെന്നാണ് സമ്മാനങ്ങള്‍ നിരസിച്ച ജനപ്രതിനിധികള്‍ ആരോപിച്ചത്.

ക്ഷണക്കത്തും സമ്മാനങ്ങളും അടങ്ങിയ പെട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്. എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമാണെന്നും, വിലകൂടിയ ഗിഫ്റ്റ് ബോക്‌സുകള്‍ തന്റെ സനേഹ സമ്മാനമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം ആനന്ദിനെ പിന്തുണച്ച് അനുയായികളും രംഗത്തെത്തി. എല്ലാ വര്‍ഷവും ആനന്ദ് ദീപാവലിക്ക് മണ്ഡലത്തിലെ ജനപ്രതിധികള്‍ക്ക് സമ്മാനം അയക്കാറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുകൊണ്ടാണ് ഇത്തവണ വിവാദത്തിന് കാരണമായതെന്നും ആനന്ദിന്റെ അനുയായികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Karnataka Minister Anand Singh’s deepavali gifts to elected reps triggers controversy

We use cookies to give you the best possible experience. Learn more