ബെംഗളൂരു: ദളിതർക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ കർണാടകയിലെ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മാറ്റി സ്ഥാപിച്ച് ഒരു വിഭാഗം ഗ്രാമീണർ. മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലാണ് സംഭവം. ഇതാദ്യമായാണ് ക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കുന്നത്.
ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനും ആദ്യമായി ‘കാലഭൈരവേശ്വര’ ദേവതയെ പ്രാർത്ഥിക്കാനും ജില്ലാ അധികാരികൾ അനുവദിച്ചതിനെത്തുടർന്ന് ഞായറാഴ്ച മാണ്ഡ്യ ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
പിന്നാലെ ‘ഉയർന്ന ജാതിക്കാർ’ ആയ വൊക്കലിംഗക്കാർ ദേവൻ്റെ വിഗ്രഹമായ ‘ഉത്സവ മൂർത്തി’ ക്ഷേത്രത്തിൽ നിന്ന് മാറ്റുകയായിരുന്നു.
പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷമാണ് സംസ്ഥാന എൻഡോവ്‌മെൻ്റ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ഗ്രാമത്തിലെ ദളിതർക്ക് പ്രവേശനാനുമതി ലഭിച്ചത്. എന്നാൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ഒരു വിഭാഗം ഗ്രാമവാസികൾ ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് മാറ്റുകയായിരുന്നു. ആചാരങ്ങൾക്കെതിരാണ് പുതിയ തീരുമാനമെന്നാണ് ഗ്രാമവാസികളുടെ വാദം.
ക്ഷേത്രത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളെ പരാമർശിച്ചുകൊണ്ട് ചില ഗ്രാമവാസികൾ പ്രതിഷേധിക്കുകയായിരുന്നു. ഗ്രാമത്തിനുള്ളിൽ ദളിതർക്കായി ഒരു പ്രത്യേക ക്ഷേത്രം ഇതിനകം നിർമിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു,
നേരത്തേ ക്ഷേത്ര പ്രാവേശനം നിഷേധിച്ചതിനെതിരെ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് ദളിതർ ഇന്നലെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. വാക്കുതർക്കം മൂലം മണിക്കൂറുകളോളം ക്ഷേത്രം അടച്ചിടേണ്ടി വന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.
ദളിത് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിൽ രോഷാകുലരായ ഏതാനും ഗ്രാമവാസികൾ ഉത്സവ മൂർത്തിയെ ക്ഷേത്രത്തിനുള്ളിലെ ഒരു പ്രത്യേക അറയിലേക്കാണ് മാറ്റിയത്. ഇത് ഉച്ചയോടെ ക്ഷേത്രം താത്കാലികാമായി അടച്ചിടാൻ കാരണമായി.
അടച്ചിടലിന് പിന്നാലെ ക്ഷേത്രം വീണ്ടും തുറക്കുകയും എല്ലാ ജാതികളിൽ നിന്നുമുള്ള ഭക്തർക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് നേരത്തെ തീരുമാനിച്ച പോലെ ആചാരങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.
ഏകദേശം മൂന്ന് വർഷം മുമ്പ് പഴയ ജീർണിച്ച കെട്ടിടം പൊളിച്ച് പുതിയ ക്ഷേത്രം പണിതിരുന്നു. ക്ഷേത്രത്തിനു വേണ്ടി തങ്ങൾ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിഗ്രഹം എടുത്ത് മാറ്റിയവരുടെ അവകാശവാദം. ഈയിടെയാണ് ക്ഷേത്രം സംസ്ഥാന സർക്കാരിൻ്റെ റിലീജിയസ് എൻഡോവ്‌മെൻ്റ് വകുപ്പിൻ്റെ നിയന്ത്രണത്തിലാക്കിയത്.
Content Highlight: Karnataka: Mandya village faces tensions as Dalits enter temple for first time, heavy force deployed