ലോണിനുള്ള അപേക്ഷ നിരസിച്ചു; കര്‍ണാടകയില്‍ കനറ ബാങ്കിന് തീയിട്ട് യുവാവ്
national news
ലോണിനുള്ള അപേക്ഷ നിരസിച്ചു; കര്‍ണാടകയില്‍ കനറ ബാങ്കിന് തീയിട്ട് യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th January 2022, 11:19 am

ബെംഗളൂരു: തന്റെ ലോണിനുള്ള അപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടതായി റിപ്പോര്‍ട്ട്.

കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ബാങ്കിന് തീയിട്ട 33കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റട്ടിഹല്ലി നഗരത്തില്‍ താമസിക്കുന്ന ഹസരത്‌സബ് മുല്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കഗിനെല്ലി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐ.പി.സിയിലെ 436, 477 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കഗിനെല്ലി പൊലീസിന്റെ പരിധിയില്‍ പെടുന്ന ഹെഡുഗോണ്ട ഗ്രാമത്തിലുള്ള കാനറ ബാങ്കിന്റെ ബ്രാഞ്ചിനാണ് യുവാവ് തീയിട്ടത്.

പ്രതി ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ചില രേഖകളുടെ വെരിഫിക്കേഷന് ശേഷം അപേക്ഷ ബാങ്ക് നിരസിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞത്.


ഇതില്‍ ക്ഷുഭിതനായ പ്രതി ശനിയാഴ്ച രാത്രിയോടെ ബാങ്കിലെത്തുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് ഓഫീസിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു.

ബാങ്കിനുള്ളില്‍ നിന്നും തീയും പുകയുമുയരുന്നത് കണ്ട യാത്രക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Karnataka Man Sets Bank On Fire After His Loan Application Was Rejected