| Saturday, 5th May 2018, 11:09 am

താന്‍ മരിച്ചിട്ടില്ലെന്ന് ബി.ജെ.പി ബലിദാനി പട്ടികയില്‍ ഉള്‍പ്പെടുത്തിയയാള്‍: 'പട്ടികയിലുണ്ടെങ്കില്‍ അവര്‍ കൊല്ലപ്പെട്ടവര്‍ തന്നെയാണെന്ന് പാര്‍ട്ടി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജീവിച്ചിരിക്കുന്ന പ്രവര്‍ത്തകനെ ബലിദാനിയാക്കി ബി.ജെ.പി നേതൃത്വം. കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം തയ്യാറാക്കിയ പട്ടികയിലാണ് കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ ജീവിച്ചിരിക്കുന്ന അശോക് പൂജാരി എന്നയാളുടെ പേരും ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ 23 പ്രവര്‍ത്തകരെ “ജിഹാദികള്‍” കൊലപ്പെടുത്തിയെന്നാണ് ബി.ജെ.പിയുടെ വാദം. ഉഡുപ്പിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ശോഭ കരന്തലെജെയാണ് ബലിദാനികളായ 23 പേരുടെ പട്ടിക തയാറാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചത്.


Dont Miss യോഗിയുടെ കര്‍ണാടക സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് മാധ്യപ്രവര്‍ത്തകന്റെ ട്വീറ്റ്; സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി: വിവാദമായതിന് പിന്നാലെ ട്വീറ്റ് നീക്കം ചെയ്തു


ഈ പട്ടികയിലെ ആദ്യത്തെ പേര് അശോക് പൂജാരി എന്ന ആളുടേതാണ്. 2015 സെപ്റ്റംബര്‍ 20ന് അശോക് പൂജാരി കൊല്ലപ്പെട്ടുവെന്നായിരുന്നു കത്തില്‍ പറഞ്ഞത്. എന്നാല്‍ അശോക് പൂജാരി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. താന്‍ മരിച്ചില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പറഞ്ഞ് അശോക് തന്നെയാണ് രംഗത്തെത്തിയത്.

ബി.ജെ.പിയുടെയും ബജ്രംഗ്ദളിന്റെയും പ്രവര്‍ത്തകനായ അശോക് പൂജാരിയ്ക്ക് നേരെ 2015ലാണ് ആക്രമണം നടന്നത്.

ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ കഴുത്തില്‍ കാവി ഷാള്‍ ചുറ്റിയിരുന്ന തന്നെ ബൈക്കില്‍ എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് അശോക് പൂജാരി പറയുന്നത്. 15 ദിവസമാണ് ഞാന്‍ ഐ.സി.യുവില്‍ കിടന്നത്. ഒരുപക്ഷേ ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിക്കാണും. എന്നാല്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. അതിന് ദൈവത്തോട് നന്ദി പറയുന്നു.

തന്റെ പേര് ലിസ്റ്റില്‍ അബദ്ധത്തില്‍ കയറിപറ്റിയതാണെന്ന വിശദീകരണവുമായി ശോഭ കരന്തലെജെ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അശോക് പൂജാരി പറഞ്ഞു.

എന്നാല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ തങ്ങളുടെ 23 പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി എന്ന് പറഞ്ഞു തന്നെയാണ് ബി.ജെ.പി ഇപ്പോഴും പ്രചരണം നടത്തുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ റാലിയില്‍ പറഞ്ഞതും ഇതേ കണക്ക് തന്നെയായിരുന്നു.

എന്നാല്‍ 23 എന്ന് ബി.ജെ.പി പറയുന്നതില്‍ 14 ഓളം പേരും ആത്മഹത്യ ചെയ്തതും വ്യക്തിപരമായ വിദ്വേഷങ്ങളുടെ പേരിലും മറ്റും കൊല്ലപ്പെട്ടവരാണെന്നും അതുപോലും ബി.ജെ.പി തങ്ങളുടെ ബലിദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ ബി.ജെ.പി വ്യാജ വാദങ്ങള്‍ ഉന്നയിക്കാറില്ലെന്നും പട്ടികയില്‍ പേരുണ്ടെങ്കില്‍ അവര്‍ കൊല്ലപ്പെട്ടവര്‍ തന്നെയാണെന്നുമായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ജഗദീഷ് ഷേനവയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more