ട്രായ് ഉദ്യോഗസ്ഥർ എന്ന വ്യാജേന കർണാടക സ്വദേശിയിൽ നിന്ന് 1.7 കോടി രൂപ തട്ടിയെടുത്തു
national news
ട്രായ് ഉദ്യോഗസ്ഥർ എന്ന വ്യാജേന കർണാടക സ്വദേശിയിൽ നിന്ന് 1.7 കോടി രൂപ തട്ടിയെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 12:51 pm

ബെംഗളൂരു: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനെന്ന വ്യാജേന കർണാടക സ്വദേശിയിൽ നിന്നും 1.7 കോടി രൂപ തട്ടിയെടുത്തതായി പരാതി.

നവംബർ 11 ന് ഒരു അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് കോൾ വന്നതായി പരാതിക്കാരൻ സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ട്രായിയെന്ന് സ്വയം പരിചയപ്പെടുത്തി വിളിച്ചയാൾ പരാതിക്കാരിയുടെ പേരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു മൊബൈൽ നമ്പറിൽ നിന്നും മുംബൈയിലെ അന്ധേരിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചു.

ഉടൻ അന്ധേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നിർദേശം നൽകുകയും ചെയ്തു. രണ്ട് മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ടില്ലെങ്കിൽ യാതൊരുവിധ സേവനങ്ങളും ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പ്രദീപ് സാവന്ത് എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാൾ പരാതിക്കാരനെ വിളിച്ചു. നരേഷ് ഗോയൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചു. അന്ധേരിയിലെ കാനറാ ബാങ്കിൽ പരാതിക്കാരൻ്റെ പേരിൽ ഒരു തട്ടിപ്പ് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സിം കാർഡ് വാങ്ങിയതായും സാവന്ത് ആരോപിച്ചു. പരാതിക്കാരനെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.

ഇതിനെ തുടർന്ന് ഇരയായ യുവതിക്ക് പൊലീസ് ഓഫീസർ രാഹുൽ കുമാർ, സി.ബി.ഐ ഓഫീസർ ആകാൻക്ഷ എന്നിങ്ങനെ രണ്ട് വ്യക്തികളിൽ നിന്ന് വാട്‌സ്ആപ്പിൽ വീഡിയോ കോൾ ലഭിച്ചു. ഇരയ്‌ക്കെതിരെ സി.ബി.ഐ ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തതായി കാണിക്കുന്ന വ്യാജ രേഖകൾ അവർ പങ്കിട്ടു.

കേസ് ഒത്തുതീർപ്പാക്കാൻ തട്ടിപ്പുകാർ പണം ആവശ്യപ്പെട്ടു. ഭീഷണി ഭയന്ന് നവംബർ 13 നും 19 നും ഇടയിൽ ഘട്ടം ഘട്ടമായി 1.7 കോടി രൂപ ആർ.ടി.ജി.എസ് വഴി കൈമാറിയെന്നാണ് പരാതിക്കാരൻ പറയുന്നത്. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സമീപകാലത്തായി സമാനമായ സംഭവങ്ങൾ നിരവധിയാണ് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈ പൊലീസ് എന്ന വ്യാജേനെ തട്ടിപ്പുകാരൻ തൃശൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. പൊലീസ് യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത തട്ടിപ്പ് സംഘത്തിലെയാൾ വിളിച്ചത് തൃശൂർ പൊലീസ് സൈബർ സെല്ലിലേക്കാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലായിരുന്നു.

ഒടുവിൽ ക്യാമറ ഓണാക്കി പൊലീസുകാരെ കണ്ടതോടെയാണ് അപകടം മനസിലായത്. കടുവയെ പിടിച്ച കിടുവ യേ കാം ചൊടുവോ ബായ് എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ട്രോൾ രൂപത്തിൽ തൃശൂർ സിറ്റി പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

 

Content Highlight: Karnataka man duped of Rs 1.7 cr by fake TRAI, CBI officials