ബെംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വെല്ലുവിളിയുമായി ലിംഗായത്ത് വിഭാഗം. നിലവിലെ 30 ലിംഗായത്ത് ഗുരുക്കന്‍മാര്‍ കോണ്‍ഗ്രസ്സിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കയാണ്.
തങ്ങളെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനുള്ള സിദ്ധാരാമയ്യ സര്‍ക്കാരിന്റെ തീരുമാനത്തിന് പ്രതിഫലമായാണ് കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുന്നതെന്ന് ലിംഗായത്ത് നേതാക്കള്‍ അറിയിച്ചു.
പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന ഞങ്ങളുടെ ഏറെ നാളത്തെ ആവശ്യം സിദ്ധരാമയ്യ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കയാണ് എന്നാണ് ലിംഗായത്ത് നേതാവ് മാതാ മഹാദേവി പറഞ്ഞത്.
ഇതിനു മുമ്പ് തങ്ങള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ യാതൊരു അനുഭാവവും കാണിച്ചില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുന്ന പരസ്യ നിലപാട് സ്വീകരിക്കാന്‍ തയ്യാറായതെന്ന് ലിംഗായത്ത് നേതാക്കള്‍ പറഞ്ഞു.
ALSO READ: മാന്‍വേട്ടക്കേസ്; സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ച് ജോധ്പൂര്‍ സെഷന്‍സ് കോടതി
കര്‍ണ്ണാടക സംസ്ഥാനത്തിന്റെ പതിനേഴ് ശതമാനത്തോളം വരുന്ന ലിംഗായത്ത് വിഭാഗം ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കുകളിലൊന്നാണ്. നിലവിലെ കര്‍ണ്ണാടക നിയമസഭയില്‍ 52 പേര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്.
ഉത്തര കര്‍ണ്ണാടക ഭാഗങ്ങളില്‍ ശക്തി പ്രാപിച്ചിരിക്കുന്ന ഈ വിഭാഗം ബി.ജെ.പിയുടെ പ്രധാന വോട്ടുപ്രതീക്ഷ കൂടിയായിരുന്നു. അതേസമയം പ്രത്യേക മതവിഭാഗമായി ലിംഗായത്തുകള്‍ മാറുന്നത് ഹിന്ദുക്കളുടെ ശക്തി കുറയ്ക്കുമെന്നതിനാലാണ് ബി.ജെ.പി ലിംഗായത്തുകളുടെ ആവശ്യങ്ങളെ നിരാകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.