| Tuesday, 28th July 2020, 8:02 pm

സിലബസില്‍ നിന്ന് ടിപ്പുവിന്റേയും ഭരണഘടനയുടേയും യേശുവിന്റേയും നബിയുടേയും പാഠഭാഗങ്ങള്‍ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അധ്യയനം ആരംഭിച്ച് 120 പഠന ദിവസങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും 2020-21വര്‍ഷത്തേക്ക് മാത്രമാണിതെന്നുമാണ് കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് വിശദീകരിക്കുന്നത്.

ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് തിങ്കളാഴ്ചയാണ് കര്‍ണാടക ടെക്‌സ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

അതേസമയം കൊവിഡ് മറയാക്കി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാന്‍ നേരത്തേയും ബി.ജെ.പി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവിന്റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുല്‍ത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നും അസൈന്‍മന്റെ് നല്‍കുമെന്നുമാണ് വിശദീകരണം.

ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more