മുംബൈ: കര്‍ണ്ണാടകയിലെ മറാത്തി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. സംസ്ഥാനത്തെ ജനങ്ങള്‍ തമ്മിലുള്ള ഐക്യമില്ലാതാക്കാനാണ് താക്കറെ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഐക്യത്തെ ബഹുമാനിക്കാന്‍ ഉദ്ദവ് ശ്രമിക്കണം. മറാത്തി ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ അതിര്‍ത്തി പ്രശ്‌നം ഉന്നയിക്കുന്നത് അനാവശ്യമാണ്. ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണ് ഈ പ്രസ്താവന, യെദിയൂരപ്പ പറഞ്ഞു.
കന്നഡികരുമായി വളരെ സൗഹാര്‍ദ്ദത്തിലാണ് മറാത്ത വംശജര്‍ കഴിയുന്നതെന്നും മഹാരാഷ്ട്രയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളവരും ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
മറാത്തി വംശജര്‍ കൂടുതലുള്ള കര്‍ണ്ണാടകയിലെ പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മറാത്ത രാഷ്ട്രത്തിനായി ജീവന്‍വെടിഞ്ഞ രക്തസാക്ഷികള്‍ക്കുള്ള യഥാര്‍ത്ഥ സമര്‍പ്പണമായിരിക്കും ഈ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞിരുന്നു.
‘കര്‍ണ്ണാടകയിലെ മറാത്തിവംശജരുടെ പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുന്നത് ഈ ലക്ഷ്യത്തിനായി ജീവന്‍വെടിഞ്ഞ രക്തസാക്ഷികള്‍ക്കുള്ള യഥാര്‍ത്ഥ സമര്‍പ്പണമാണ്. ഈ തീരുമാനത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വാഗ്ദാനം നിറവേറ്റി രക്തസാക്ഷികളെ ഞങ്ങള്‍ ബഹുമാനിക്കും’, മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു.
കര്‍ണ്ണാടകയിലെ ബെല്‍ഗാമും മറ്റ് ചില പ്രദേശങ്ങളുമാണ് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ കര്‍ണ്ണാടകയുടെ ഭാഗമായ ഈ പ്രദേശങ്ങള്‍ മുമ്പ് ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.
മറാത്ത രാഷ്ട്രത്തിനായി നിലകൊള്ളുന്ന പ്രാദേശിക സംഘടനയായ മഹാരാഷ്ട്ര ഏകീകരണ്‍ സമിതി ജനുവരി 17 രക്തസാക്ഷി ദിനമായി ആചരിച്ചിരുന്നു. ബെല്‍ഗാം ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്നും സംഘടന നേതാക്കള്‍ ആവശ്യമുയര്‍ത്തിയിരുന്നു.
കര്‍ണ്ണാടകയിലെ ബെല്‍ഗാം, കാര്‍വാര്‍, നിപ്പാനി, എന്നീ പ്രദേശങ്ങളാണ് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മറാത്തി ഭാഷ സംസാരിക്കുന്നവരാണ് ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗമെന്നുമാണ് പ്രധാന കാരണമായി സംഘടനകള്‍ പറയുന്നത്.
ബെല്‍ഗാമും മറ്റ് അതിര്‍ത്തി പ്രദേശങ്ങളും സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്.
അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് വേഗത്തിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ താക്കറെ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര മന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, ചഗന്‍ ഭുജ്ബാല്‍ എന്നിവരെ കോ-കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: B S Yediyurappa Slams Udhav Thackeray