| Monday, 22nd July 2024, 7:30 pm

'സൈന്യത്തെ ഉപകരണമില്ലാതെ കൊണ്ടുവന്ന് കോമാളിയാക്കി'; മകനെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് അര്‍ജുന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഏഴാം ദിവസം പിന്നിടുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ച് അര്‍ജുന്റെ അമ്മ. മകനെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ ഇനിയില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ശരിയായ രീതിയില്‍ നടന്നില്ലെന്നും അവര്‍ ആരോപിച്ചു.

സൈന്യം വന്നിട്ടും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടു. പട്ടാളത്തെ വളരെ അഭിമാനത്തോടെ കണ്ടവരാണ് ഞങ്ങള്‍. സഹനത്തിന്റെ പരിധി ഇതോടെ കഴിഞ്ഞു. സൈന്യത്തെ ഉപകരണങ്ങളില്ലാതെ കൊണ്ടുവന്ന് കോമാളിയാക്കുകയാണ് ചെയ്തതെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു.

ഇനി നാവിക സേന വന്നിട്ട് എന്ത് ചെയ്യാനാണെന്നും അവര്‍ ചോദിച്ചു. കേരളത്തില്‍ നിന്ന് സംഭവ സ്ഥലത്തെത്തിയ ആളുകളെ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്ത രീതിയെയും അര്‍ജുന്റെ അമ്മ വിമര്‍ശിച്ചു.

ഇവിടെ നിന്ന് പോയ ആരെയും സ്ഥലത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. കള്ളന്‍മാരെ പോലെയാണ് പെരുമാറിയത്. ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. വീഴാന്‍ സാധ്യതയുള്ള ഒരു കുഴി അവിടെ ഉണ്ടായിരുന്നിട്ടും അതില്‍ പരിശോധിക്കാതെ അവിടെ മണ്ണ് കൊണ്ടുപോയി ഇടുകയാണ് ചെയ്തതെന്നും അമ്മ പറഞ്ഞു.

കഴിഞ്ഞ ആറ് ദിവസം അര്‍ജുനെ ജീവനോടെ രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ കരസേനയുടെ റഡാറില്‍ ലഭിച്ച സിഗ്നല്‍ അനുസരിച്ച് സ്ഥലത്ത് മണ്ണെടുത്തെങ്കിലും ലോറി കണ്ടെത്താന്‍ സാധിച്ചില്ല.

പുഴയുടെ തീരത്ത് നിന്ന ലഭിച്ച സിഗ്നല്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുമെന്ന് ആര്‍മി അറിയിച്ചു. ഈ മാസം 16നാണ് അര്‍ജുന്‍ അപകടത്തില്‍ പെട്ടത്. വീട്ടുകാര്‍ പരാതിപ്പെട്ടിട്ടും കഴിഞ്ഞ വെള്ളിയാഴ്ച 19ന് മാത്രമാണ് സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

Content Highlight: Karnataka landslide: Arjun’s mother says that the army was brought in without equipment

Latest Stories

We use cookies to give you the best possible experience. Learn more