കൊവിഡ് പശ്ചാത്തലത്തില്‍ മണ്ണിട്ട് അടച്ച കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ലെന്ന് കേരള ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചിരിക്കുകയാണ് കര്‍ണാടക. മംഗാലപുരം കാസര്‍ഗോഡ് അതിര്‍ത്തി ആശുപത്രി ആവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് ഇതിനോടകം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കര്‍ണാടക പരിഗണിക്കാതിരിക്കുന്നത്. ഇന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചതോടെ കര്‍ണാടകയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ്. ഹൃദ്രോഗത്തിന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന വ്യക്തിയാണ് ഏറ്റവുമൊടുവില്‍ മരിച്ചത്.
മാര്‍ച്ച് 24ന് കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദേശീയ പാത ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ റോഡുകളും അടഞ്ഞുകിടക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ കൃത്യമായി വ്യക്തമാക്കിയതാണ് ചരക്ക് നീക്കമുള്‍പ്പെടെ അത്യാവശ്യ സേവനങ്ങള്‍ക്കും ഫയര്‍, ലോ ആന്‍ഡ് ഓര്‍ഡര്‍ സര്‍വ്വീസുകള്‍ക്കും തടസ്സമുണ്ടാകരുത് എന്ന്.
മാര്‍ച്ച് 24നു പുറത്തിറക്കിയ ഓര്‍ഡറില്‍ ഇത് കൃത്യമായി പറയുമ്പോഴും അതിര്‍ത്തികളടച്ച് കര്‍ണാടകം കേരളത്തിലേക്ക് അവശ്യ സര്‍വ്വീസ് ഉള്‍പ്പെടെയുള്ളവ നിഷേധിക്കുകയാണ്. അതിര്‍ത്തികളടച്ച നടപടിയില്‍ ഹൈക്കോടതി ഉള്‍പ്പെടെ ഇടപെട്ടിട്ടും മാറ്റമില്ലാത്ത നയമാണ് കര്‍ണാടക സ്വീകരിച്ചുവരുന്നത്.
കാസര്‍ഗോഡ് അതിര്‍ത്തിയിലുള്ള ഒട്ടേറെപ്പേര്‍ ആശുപത്രി ആവശ്യത്തിനായി ഉപയോഗിക്കുന്ന പാതയാണ് കര്‍ണാടക അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും വിട്ടുകൊടുക്കാത്തത്. നേരത്തെ കേരളത്തിന്റെ സമ്മര്‍ദ്ദത്തിനു പിന്നാലെ വയനാട് ജില്ലയിലേക്കുള്ള രണ്ട് പ്രധാന റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക വ്യക്തമാക്കിയിരുന്നു.
ഇതിനു പുറമെ കണ്ണൂരുമായി ബന്ധപ്പെട്ട രണ്ട് റോഡുകള്‍ കൂടി തുറക്കാമെന്നാണ് കര്‍ണാടക ഐ.ജി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയെ അറിയിച്ചത്. ഇരിട്ടി-കൂര്‍ഗ്-വിരാജ്‌പെട്ട് റോഡ് തുറക്കണമെന്ന് കേരളം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം അടുത്ത ദിവസം അറിയിക്കാമെന്നാണ് കര്‍ണാടക പറഞ്ഞിരിക്കുന്നത്. കേരളവുമായി ബന്ധപ്പെടുന്ന 21 ഇടങ്ങളിലാണ് കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നത്.
വിഷയത്തില്‍ കേന്ദ്രവും കര്‍ണാടകവും അവസരത്തിനൊത്ത് ഉയരണമെന്നും, മഹാമാരിയില്‍ ഇത്തരം നടപടികള്‍ ഒരു ജീവന്‍ പോലും പൊലിയാന്‍ ഇടയാക്കരുത് എന്നും തിങ്കളാഴ്ച്ച ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചരക്ക് നീക്കത്തിന് അനുമതി നല്‍കണമെന്ന കേന്ദ്ര നിര്‍ദേശത്തെ പോലും പരിഗണിക്കാതെയാണ് കര്‍ണാടക അവശ്യ സര്‍വ്വീസുകള്‍ക്ക് പോലും തുറന്ന് നല്‍കാതെ അതിര്‍ത്തികളടച്ചിടുന്ന നടപടി തുടരുന്നത്.
അതേസമയം കര്‍ണാടക വഴി അടച്ചതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസ്‌ക് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച കാസര്‍ഗോഡു നിന്ന് അത്യാസന്ന നിലയിലായ 70കാരിയുമായി മംഗലാപുരത്തേക്ക് പോയ ആംബുലന്‍സിന് പ്രവേശന അനുമതി നിഷേധിച്ചത് ഇവരുടെ മരണത്തിനിടയാക്കിയിരുന്നു. ഈ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.
മംഗലാപുരത്ത് എത്താന്‍ കേവലം 17 കിലോമീറ്റര്‍ ഉള്ളപ്പോഴാണ് തലപ്പാടി ചെക്ക് പോസ്റ്റില്‍ ആംബുലന്‍സ് തടഞ്ഞത്.
തിങ്കളാഴ്ച്ച കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം നേരിട്ടുവെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ വെച്ചായിരുന്നു സംഭവം.വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറേയും തൊഴിലാളികളേയും മര്‍ദ്ദിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ ഊടുവഴിയിലൂടെ വരികയായിരുന്ന വണ്ടിയാണ് തടഞ്ഞത്.
സംസ്ഥാനത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ആവശ്യം തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി യെദ്യൂരപ്പ ചികിത്സ കിട്ടാതെയുള്ള മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ കണ്ടിട്ടും സ്വീകരിച്ചു വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം സ്തംഭിച്ചിരിക്കുകയാണെന്നും പാതകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകം നല്‍കുന്ന വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.
കോവിഡ് – 19 വ്യാപനം തടയുന്നതിന് ശക്തമായ നപടികള്‍ സ്വീകരിച്ച സംസ്ഥാനമാണ് കേരളം. രോഗവ്യാപനം തടയാനാണ് ഇത്രയധികം പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ അടച്ചതോടെ അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ആളുകളുടെ സഞ്ചാരത്തിനു വേണ്ടി അല്ല അതിര്‍ത്തി തുറക്കാന്‍ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കും ചരക്കു ഗതാഗതത്തിനും തടസ്സം നേരിടാതിരിക്കാനാണ് ആവര്‍ത്തിച്ച് ഈ ആവശ്യം ഉന്നയിക്കുന്നത് എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ പ്രാദേശികവും വിഭാഗീയവുമായ താല്‍പര്യങ്ങള്‍ രാജ്യ താത്പ്പര്യങ്ങളെ ഹനിക്കാതിരിക്കാന്‍ ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇനിയും കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം നിലച്ചാല്‍ സംസ്ഥാനത്ത് അത് വലിയ തരത്തിലുള്ള പ്രതിസന്ധികള്‍ക്കാകും വഴിവെക്കുക. നിലവില്‍ 200 ഓളം കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയാണ് കേരളത്തില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കുന്നത്.