പാർട്ടി ബി.ജെ.പിയുമായി കൈകോർത്തു; കർണാടകയിൽ ജെ.ഡി.എസ് ഉപാധ്യക്ഷൻ രാജിവെച്ചു
national news
പാർട്ടി ബി.ജെ.പിയുമായി കൈകോർത്തു; കർണാടകയിൽ ജെ.ഡി.എസ് ഉപാധ്യക്ഷൻ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th September 2023, 9:16 am

ബംഗളുരു: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാ ദൾ (സെക്കുലർ) ബി.ജെ.പിയുമായി കൈകോർത്തതിന് പിന്നാലെ ജെ.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു. രാജിക്കത്തിൽ പാർട്ടി വിടുകയാണെന്നും പറഞ്ഞിട്ടുണ്ട്.

ബി.ജെ.പിയുമായി സംസ്ഥാന ഘടകം കൈകോർത്തതിനാൽ അവരുമായുള്ള സഖ്യം അവസാനിക്കുന്നതുവരെ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്നാണ് വൈസ് പ്രസിഡന്റ് ആയിരുന്ന സയ്യിദ് ഷഫിയുള്ള സാഹിബ്‌ രാജിക്കത്തിൽ അറിയിച്ചത്.

പാർട്ടിയിലെ മുതിർന്ന നേതാക്കൾ ബി.ജെ.പിയുമായി കൈകോർക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ച് പുറത്തുപോകുകയല്ലാതെ തനിക്ക് വേറെ വഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഷഫിയുള്ളക്ക് പുറമേ, ജെ.ഡി.എസ് ശിവമോഗയുടെ പ്രസിഡന്റ് എം. ശ്രീകാന്ത്, യു.ടി. ആയിഷ ഫർസാന തുടങ്ങി ഒരുപാട് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചുവെന്ന് വൃത്തങ്ങൾ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജെ.ഡി.എസ് സെപ്റ്റംബർ 22ന് ബി.ജെ.പിയുമായി സഖ്യം രൂപീകരിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയും എൻ.ഡി.എയിൽ ഔദ്യോഗികമായി ചേരുകയും ചെയ്തിരുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് ജെ.ഡി.എസ് മത്സരിച്ചിരുന്നു. ഇരുപർട്ടികളും ബി.ജെ.പിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. 28 സീറ്റുകളിൽ 25ഉം ബി.ജെ.പി അന്ന് നേടിയത്.

Content Highlight: Karnataka JD(S) Vice President resigns after party join hands with BJP