ബെംഗളൂരു: ജോലി സമയം വർധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ കർണാടക ഐ.ടി യൂണിയൻ(കെ.ഐ.ടി.യു). കർണാടക ഷോപ്പ്‌സ് ആൻ്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് ഭേദഗതി ചെയ്യാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെയാ.ണ് ഐ.ടി യൂണിയൻ രംഗത്തെത്തിയത്.
സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ഈ ആക്‌ട് ഭേദഗതി ചെയ്യാനുള്ള ഏതൊരു ശ്രമവും കർണാടകയിലെ ഐ.ടി, ഐ.ടി.ഇ.എസ് മേഖലയിൽ ജോലി ചെയ്യുന്ന 20 ലക്ഷം ജീവനക്കാരെ ബാധിക്കുമെന്നും കെ.ഐ.ടി.യു പറഞ്ഞു.
ഐ.ടി, ഐ.ടി.ഇ.എസ് മേഖലയിൽ ജോലി സമയം ഉയർത്താനുള്ള നിർദേശവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി സന്തോഷ് എസ്. ലാഡ് തൊഴിൽ, ഐ.ടി-ബി.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിന് പിന്നാലെയാണ് കെ.ഐ.ടി.യുവിന്റെ പ്രസ്താവന
‘നിലവിൽ 10 മണിക്കൂറാണ് ജോലി സമയം. ഇത് 14 മണിക്കൂർ ആക്കാനാണ് നീക്കം. നിർദിഷ്ട 14 മണിക്കൂർ പ്രവൃത്തിദിനങ്ങൾ അർത്ഥമാക്കുന്നത് നിലവിലെ മൂന്ന് ഷിഫ്റ്റ് സമ്പ്രദായത്തിന് പകരം രണ്ട് ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവരാൻ കമ്പനികൾക്ക് കഴിയുമെന്നാണ്. അങ്ങനെ സംഭവിച്ചാൽ ഐ.ടി ജോലിയുടെ മൂന്നിലൊന്ന് ഭാഗം നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. തൊഴിലാളി വർഗത്തിന് നേരെയുള്ള എക്കാലത്തെയും വലിയ ആക്രമണമാണ് ഇത്. അടിമത്തം അടിച്ചേൽപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇത്,’ കെ.ഐ.ടി.യു പറഞ്ഞു.
കർണാടക തൊഴിൽ മന്ത്രി സന്തോഷ്. എസ്. ലാഡും തൊഴിൽ, ഐടി, ബയോടെക്‌നോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ കെ.ഐ.ടി.യു ദീർഘനേരം ജോലി ചെയ്യുന്നതിൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതായി യൂണിയൻ പറഞ്ഞു.
ഐ.ടി മേഖലയിലെ 45 ശതമാനം ജീവനക്കാർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും 55 ശതമാനം ശാരീരിക ആരോഗ്യ പ്രത്യാഘാതങ്ങളും നേരിടുന്നു.
ജോലി സമയം കൂട്ടുന്നത് ഈ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറയുന്നതനുസരിച്ച് ജോലി സമയം വർധിക്കുന്നത് പക്ഷാഘാതം മൂലമുണ്ടാകുന്ന മരണ സാധ്യതയും ഇസ്കെമിക് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യതയും വർധിപ്പിക്കുമെന്നാണെന്നും യൂണിയൻ പറഞ്ഞു.
എന്നാൽ യൂണിയൻ ചൂണ്ടിക്കാണിച്ച നിർദേശത്തെക്കുറിച്ച് കർണാടക സർക്കാരിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
ഇത് രണ്ടാം തവണയാണ് കർണാടക സർക്കാർ സംസ്ഥാനത്തെ വ്യവസായങ്ങൾക്കായുള്ള പദ്ധതികളുടെ പേരിൽ വിമർശനം നേരിടുന്നത്. ഈ ആഴ്ച ആദ്യം കർണാടക മന്ത്രിസഭ 50-75 ശതമാനം സ്വകാര്യ മേഖലയിലെ ജോലികൾ കന്നഡിഗർക്ക് സംവരണം ചെയ്യുന്ന ബില്ലിന് അംഗീകാരം നൽകിയിരുന്നു. ഇതിനെതിനെ വ്യപക വിമർശനങ്ങളാണ് സർക്കാരിനെതിരെ ഉയർന്നത്.
Content Highlight: Karnataka IT employees union slams Congress govt proposal to increase working hours