ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. കോണ്‍ഗ്രസ്- ജെ.ഡി.എസ് നേതാക്കള്‍ നടത്തുന്ന അനുനയ നീക്കങ്ങള്‍ ഫലം കാണുന്നതായാണ് സൂചന.
കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് മുന്‍പായി നടക്കുന്ന അനുനയ നീക്കങ്ങളാണ് ഫലം കാണുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും, മന്ത്രി ഡി കെ ശിവകുമാറുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ചര്‍ച്ച പിന്നാലെ വിമത എം.എല്‍.എ എം ടി ബി നാഗരാജ് രാജി പിന്‍വലിച്ചേക്കുമെന്നാണ് സുചന. രാമലിംഗ റെഡ്ഢി, ആനന്ദ് സിങ്, റോഷന്‍ ബെയ്ഗ് എന്നിവരുമായും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച നടത്തി.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കറോട് മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം കണക്കുകളില്‍ കൂറുമാറിയ എം.എല്‍.എമാരെക്കൂടി ചേര്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള ഭൂരിപക്ഷം ലഭിക്കും. എന്നാല്‍ ബി.ജെ.പിയിലും കരിങ്കാലികളുണ്ടെന്നും തങ്ങള്‍ ജയിക്കുമെന്നുമാണു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അവകാശപ്പെടുന്നത്.
വിശ്വാസ വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യം വന്നാലാണ് സ്ഥിതി ഗുരുതരമാകുന്നത്. ഗവര്‍ണര്‍ക്കു വേണമെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സാധിക്കും.
ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കേന്ദ്രം വഴി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാവും ബി.ജെ.പിയുടെയും ലക്ഷ്യം. അതിനുള്ള സൂചനകളെന്നോണം രാഷ്ട്രപതിഭരണത്തെക്കുറിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സംസാരിച്ചുതുടങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.