| Tuesday, 7th January 2025, 10:06 am

ദക്ഷിണേന്ത്യയില്‍ ഏറ്റവും കടമെടുക്കുന്ന സംസ്ഥാനം കര്‍ണാടക; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന സംസ്ഥാനം കര്‍ണാടകയെന്ന് റിപ്പോര്‍ട്ട്. അനിയന്ത്രിതമായ ചെലവുകള്‍ കാരണം അഞ്ച് മുന്‍നിര ഗ്യാരണ്ടി പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കര്‍ണാടക പാടുപെടുന്നതായും കടമെടുക്കാന്‍ തീരുമാനിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി- മാര്‍ച്ച് കാലയളവില്‍ 48,000 രൂപ കര്‍ണാടക കടമെടുക്കുമെന്നും 12 ആഴ്ചക്കുള്ളില്‍ 4000 കോടി രൂപ ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പയായി സര്‍ക്കാര്‍ സമാഹരിക്കുമെന്നുമാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍ച്ച് 31 വരെ നടക്കുന്ന പ്രതിവാര ലേലത്തില്‍ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുമെന്ന് കരുതുന്നതായും എന്നാല്‍ ഇതില്‍ കര്‍ണാടകയുടെ പങ്ക് തന്നെ പത്ത് ശതമാനത്തിലധികം വരുമെന്നുമാണ് റിസര്‍വ് ബാങ്ക് അനുമാനിക്കുന്നത്.

പ്രതിവാരലേലത്തില്‍ സംസ്ഥാനങ്ങളും ചേര്‍ന്ന് 4,73,477 കോടി രൂപ കടമെടുക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഗമനം. ഈ വര്‍ഷത്തിന്റെ ആദ്യ കാലയളവായ ജനുവരി- മാര്‍ച്ച് പാദത്തില്‍ തമിഴ്‌നാട് 45,000 കോടിയും തെലങ്കാന 30,000 രൂപയും പൊതുകടമെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം കേരളം 17,000 കോടി രൂപ വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നതായും ആന്ധ്രപ്രദേശ് 11,000 കോടിയുമാണെന്നും നിഗമനമുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ കടമെടുത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനം കര്‍ണാടകമായിരുന്നു. 55,000 കോടിയായിരുന്നു മൂന്ന് മാസത്തില്‍ കര്‍ണാടക വായ്പ എടുത്തത്.

കഴിഞ്ഞ ദിവസം (5/01/2025) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബജറ്റ് അവതരണത്തില്‍ 44,549 കോടിയായിരുന്ന ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പ 2024-25 കാലയളവില്‍ 96,840 കോടിയാക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Karnataka is the most borrowed state in South India; Report

We use cookies to give you the best possible experience. Learn more