വരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഇതിനോടൊപ്പം കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പും നടക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച.
പുതുതായി സംസ്ഥാനത്ത് അധികാരമേറ്റ ബി.ജെ.പി സര്‍ക്കാരില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ട് അഞ്ചു ദിവസമായിട്ടും ഇത് വരെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തും അതൃപ്തിയുണ്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത എം.എല്‍.എമാരും അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരെ പിന്തുണക്കുന്നവരും പാര്‍ട്ടിക്കകത്ത് പോര് ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ കേന്ദ്ര നേതൃത്വം അതൃപ്തരാണ്. ഈ വിഷയം മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തന്നെ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം നിലപാടെടുത്തിരിക്കുന്നത്.
വിഷയത്തെ കുറിച്ച് വ്യാഴാഴ്ച ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യാനെത്തിയ യെദിയൂരപ്പയെ കാണാന്‍ അമിത് ഷാ തയ്യാറായില്ല. കൂടിക്കാഴ്ച നടത്താന്‍ കഴിയാത്തതില്‍ അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരും അതൃപ്തിയിലാണ്. അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച വകുപ്പ് വിഭജനം തിങ്കളാഴ്ച പ്രഖ്യാപിക്കും എന്നാണ് യെദിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അത് അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല എന്നുള്ളതാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ആവശ്യം ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് തന്റെ ചിറകരിയാനുള്ള നീക്കമാണെന്ന നിലപാടാണ് ഇപ്പോള്‍ യെദിയൂരപ്പ സ്വീകരിച്ചിട്ടുള്ളത്.
സുപ്രധാനമായ വകുപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കരുതെന്ന് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രമേഷ് ജര്‍ക്കിഹോളിക്കായി ഉപമുഖ്യമന്ത്രി സ്ഥാനം മാറ്റിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചില മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന പ്രതിഷേധം ബി.ജെ.പി പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.
എത്രയും വേഗം മന്ത്രിസഭയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്രനേതൃത്വം യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് കഴിയുന്നില്ലെങ്കില്‍ സംസ്ഥാനത്തെ നിയമസഭ പിരിച്ചുവിട്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് നല്ലതെന്ന് അമിത്ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വം യെദിയൂരപ്പയോട് വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെദിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയും കേന്ദ്ര നേതൃത്വത്തിനുണ്ട്. അതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ബാധ്യതകള്‍ ഒറ്റക്ക് നടപ്പിലാക്കേണ്ട അവസ്ഥയിലാണ് യെദിയൂരപ്പ.