| Thursday, 7th September 2023, 8:16 am

എപ്പോഴാണ് ഹിന്ദു മതം ഉണ്ടായത്? ആരാണ് അത് സൃഷ്ടിച്ചത്? കർണാടക ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തുംകുരു: ഉദയനിധി സ്റ്റാലിന്റെ സനാതന വിവാദം കൂടുതൽ ചർച്ചകളിലേക്ക് പോകുമ്പോൾ ഹിന്ദു മതത്തിന്റെ ഉറവിടം ചോദ്യം ചെയ്ത് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.

‘എപ്പോഴാണ് ഹിന്ദു മതം ഉണ്ടായത്? ആരാണ് അത് സൃഷ്ടിച്ചത്? ലോകചരിത്രത്തിൽ ഒരുപാട് മതങ്ങൾ ഉണ്ടായിട്ടുണ്ട്. ജൈന മതവും ബുദ്ധ മതവും ഇവിടെയാണ് പിറന്നത്. എപ്പോഴാണ് ഹിന്ദു മതം ഉണ്ടായതെന്നും ആരാണ് സൃഷ്ടാവെന്നും ഉള്ളത് ഇപ്പോഴും ഒരു ചോദ്യമാണ്.

ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ഉത്ഭവത്തിന്റെ ചരിത്രം നമ്മുടെ രാജ്യത്തിന് ഉണ്ട്. വിദേശത്തുനിന്ന് ഇസ്‌ലാമും ക്രിസ്തുമതവും ഇവിടേക്ക് വന്നുചേർന്നു. മനുഷ്യരാശിക്ക് നന്മയേകുക എന്നതാണ് ലോകത്തെ എല്ലാ മതങ്ങളുടെയും സംഗ്രഹം,’ ജി. പരമേശ്വര പറഞ്ഞു.

കൊരട്ടഗരയിലെ മാരുതി കല്യാണ മണ്ഡപത്തിൽ നടന്ന അധ്യാപക ദിന ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ജി. പരമേശ്വരയ്ക്കു മറുപടിയുമായി മുതിർന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ രംഗത്ത് വന്നു.
വാർത്തകളിൽ ഇടംപിടിക്കാനുള്ള സാഹസത്തിന്റെ ഭാഗമാണ് മന്ത്രിയുടെ പരാമർശമെന്നും ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ അനുചിതമാണെന്നും ഈശ്വരപ്പ വിമർശനമുയർത്തി.

‘‘ഒന്നുകിൽ നിങ്ങൾ മാപ്പു പറയണം അല്ലെങ്കിൽ നിങ്ങളുടെ മുതുമുത്തച്ഛന്മാരുടെ പേരുമായി വരണം. സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി ആയിരിക്കെ ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നു. തലക്കെട്ടുകളിൽ ഇടംപിടിക്കാനുള്ള അദ്ദേഹത്തിന്റെ സാഹസങ്ങളുടെ ഭാഗമാണ് ഇത്.

പരമേശ്വരയ്ക്കു ഹിന്ദുമതത്തെ കുറിച്ച് സംസാരിക്കാൻ യാതൊരു അവകാശവും ഇല്ല. പരമേശ്വരയുടെ പിതാവിന്റെ പേര് ഗംഗാധരപ്പ എന്നും മുത്തച്ഛന്റെ പേര് മാരിയപ്പ എന്നുമാണ്. മുതുമുത്തച്ഛന്റെ പേര് എന്താണെന്ന് അദ്ദേഹത്തിന് പറയാനാകുമോ? ഹിന്ദുമതം ഈ ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് കാണുന്നത്. അങ്ങനെയുള്ളപ്പോൾ ഹിന്ദുമതത്തെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയാണോ?,’ കെ.എസ്. ഈശ്വരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദു മതത്തിന്റെ വേരുകൾ കണ്ടെത്താനാകില്ലെന്നും ആയിരം വർഷങ്ങൾക്ക് മുമ്പുണ്ടായ ഹിന്ദു മതത്തിന് ശേഷമാണ് മറ്റ് മതങ്ങൾ ഉണ്ടായതെന്നും ബി.ജെ.പി പാർലമെന്റ് അംഗം സദാനന്ദ ഗൗഡ പ്രതികരിച്ചു. ഹിന്ദുത്വത്തിൽ നിന്നാണ് മറ്റ് മതങ്ങൾ വളർന്നതെന്നും അദ്ദേഹം പറഞ്ഞു. പരമേശ്വരയടക്കമുള്ളവർ ഇടത് ആശയങ്ങളുടെ സ്വാധീനത്തിൽ പെട്ടിരിക്കുകയാണെന്നും കർണാടക ബി.ജെ.പിയിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു.

Content Highlight: Karnataka Home Minister questions origin of Hinduism

We use cookies to give you the best possible experience. Learn more