പരീക്ഷകളില്‍ ഹിജാബ് ധരിച്ചെത്താന്‍ അനുമതി വേണമെന്ന ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി
national news
പരീക്ഷകളില്‍ ഹിജാബ് ധരിച്ചെത്താന്‍ അനുമതി വേണമെന്ന ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd February 2023, 1:45 pm

ന്യൂദല്‍ഹി: കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. മാര്‍ച്ച് 9നാണ് കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ആരംഭിക്കുക. അതിന് മുമ്പായി വിഷയം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്നും വിഷയം വേഗത്തില്‍ പരിഗണിക്കണമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫരാസ്റ്റ് പറഞ്ഞു.

ഹിജാബ് വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥിനികള്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പരീക്ഷകളെല്ലാം നടക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികളില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു.

സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു വിധി. അതേസമയം ഹിജാബ് ഒരാളുടെ ചോയിസ് ആണെന്നായിരുന്നു രണ്ടാം വിധി.

ഇതേത്തുടര്‍ന്ന് ഹരജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാല്‍ ഹരജി പരിഗണിക്കുന്ന ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.

മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്നും യൂണിഫോം നിര്‍ബന്ധമാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അധികാരമുണ്ടെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Content Highlight: Karnataka hijab ban: Girls move SC for permission to take exam in headscarf