ഉഡുപ്പി: ഹിജാബ് നിരോധനത്തിന്റെ പേരില്‍ കര്‍ണാടകയില്‍ 40 മുസ്‌ലിം പെണ്‍കുട്ടികള്‍ ചൊവാഴ്ച നടന്ന പ്രഥമ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയെഴുതാതെ വിട്ടുനിന്നു.
ഹിജാബ് ധരിക്കാതെ പരീക്ഷക്ക് എത്താന്‍ സാധിക്കില്ലെന്നായിരുന്നു പെണ്‍കുട്ടികള്‍ പറഞ്ഞത്.
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ കുന്ദാപ്പൂരില്‍ നിന്നുള്ള 24 പെണ്‍കുട്ടികളും ബൈന്ദൂരില്‍ നിന്നുള്ള 14 പേരും ഉഡുപ്പി ഗവണ്‍മെന്റ് ഗേള്‍സ് പി.യു കോളേജിലെ രണ്ട് വിദ്യാര്‍ത്ഥിനികളും പരീക്ഷയില്‍ നിന്ന് വിട്ടുനിന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്. നേരത്തെ പ്രാക്ടിക്കല്‍ പരീക്ഷകളും പെണ്‍കുട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു.
ഉഡുപ്പിയിലെ ഭണ്ഡാര്‍ക്കേഴ്സ് കോളേജില്‍ അഞ്ചില്‍ നാല് പെണ്‍കുട്ടികളും പരീക്ഷയെഴുതിയപ്പോള്‍ ബസ്രൂര്‍ ശാരദ കോളേജിലെ എല്ലാ പെണ്‍കുട്ടികളും പരീക്ഷയെഴുതിയിട്ടുണ്ട്.
നവുന്ദ ഗവണ്‍മെന്റ് പി.യു കോളേജിലെ രണ്ട് പേര്‍ മാത്രമാണ് പരീക്ഷയെഴുതിയത്. ജില്ലയിലെ ചില സ്വകാര്യ കോളേജുകള്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
ആര്‍.എന്‍ ഷെട്ടി പി.യു കോളേജില്‍ 28 മുസ്‌ലിം പെണ്‍കുട്ടികളില്‍ 13 പേരും പരീക്ഷയെഴുതി. ചില വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.