| Thursday, 10th August 2023, 2:41 pm

ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരായ ഇ.ഡി കേസില്‍ വിചാരണ കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു. ലഹരിക്കടത്തുകേസില്‍ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ടിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബിനീഷിനെതിരെ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ ഹൈക്കോടതി വാദം കഴിയും വരെ കേസില്‍ വിചാരണക്കോടതിയില്‍ ബിനീഷിന് ഹാജരാകേണ്ടി വരില്ല.

ജസ്റ്റിസ് ഹേമന്തിന്റേതാണ് ഇടക്കാല ഉത്തരവ്. നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ വിടുതല്‍ ഹരജി വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് കര്‍ണാടക ഹൈക്കോടതിക്ക് മുന്നില്‍ ഹരജി നല്‍കിയിരുന്നത്. ലഹരിക്കേസില്‍ പിടയിലായ മുഹമ്മദ് അനൂപ് എന്നയാള്‍ക്ക് ബിനീഷ് പണം നല്‍കിയെന്നായിരുന്നു ഇ.ഡി കോടതിയില്‍ വാദിച്ചത്.

2020 ഒക്ടോബര്‍ 29ന് ബിനീഷ് കോടിയേരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്.

Content Highlight: Karnataka High Court stayed the proceedings in the trial court in the ED case against Baneesh Kodiyeri

We use cookies to give you the best possible experience. Learn more