| Friday, 23rd July 2021, 10:32 pm

നിയമങ്ങള്‍ ആളുകളെ വിരട്ടാനുള്ളതല്ല; ട്വിറ്റര്‍ ഇന്ത്യ മേധാവിക്കെതിരായ യു.പി പൊലീസ് നടപടി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കലാപത്തിന് ശ്രമിച്ചെന്നാരോപിച്ച് ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കെതിരെ യു.പി. പൊലീസ് നടപടി സ്വീകരിച്ചത് തള്ളി കര്‍ണാടക ഹൈക്കോടതി. ട്വിറ്റര്‍ മേധാവി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കര്‍ണാടക ഹൈക്കോടതി പറഞ്ഞു.

ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് മനീഷ് മഹേശ്വരിയോട് നേരിട്ട് ഹാജരാകാന്‍ യു.പി. പൊലീസിന്റെ ആവശ്യം.

സെക്ഷന്‍ 41 എ പ്രകാരം യു.പിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാനായിരുന്നു യു.പി. പൊലീസ് ട്വിറ്റര്‍ മേധാവിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നിയമങ്ങള്‍ ആളുകളെ വിരട്ടിനിര്‍ത്താനുള്ളതല്ലെന്ന് കര്‍ണാടക ഹൈക്കോടതി ഇതിന് മറുപടിയായി പറഞ്ഞു.

ട്വിറ്ററിനെതിരായി പുറപ്പെടുവിച്ച നോട്ടീസ് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

’41 എ ബുദ്ധിമുട്ടിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കരുത്. കേസുമായി ബന്ധപ്പെട്ട് മനീഷ് മഹേശ്വരി യു.പിയിലേക്ക് പോകേണ്ടതില്ല. പൊലീസിന് വേണമെങ്കില്‍ വെര്‍ച്വല്‍ ആയി ചോദ്യം ചെയ്യാം. കേസ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ട്വിറ്ററിനെതിരെ തെളിവൊന്നും ഹാജരാകാന്‍ ഗാസിയാബാദ് പൊലീസിനായില്ല,’ കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ജി. നരേന്ദര്‍ പറഞ്ഞു.

ഗാസിയാബാദ് സ്വദേശിയായ അബ്ദുള്‍ സമദ് എന്നയാള്‍ക്കെതിരെയാണ് ജൂണ്‍ ആദ്യവാരത്തില്‍ ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

ട്വിറ്റര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരിയോട് ലോനി അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.

സംഭവത്തിന്റെ സത്യാവസ്ഥ പൊലീസ് വിശദീകരിച്ചിട്ടും മര്‍ദ്ദിക്കുന്ന വീഡിയോയോ മറ്റു പോസ്റ്റുകളോ ഡിലീറ്റ് ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ ട്വിറ്റര്‍ തയ്യാറായില്ലെന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ട്വിറ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസായിരുന്നു ഗാസിയാബാദ് സംഭവം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Karnataka High Court Slams UP Cops In Twitter Case

We use cookies to give you the best possible experience. Learn more