അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടി കര്‍ണാടക ഹൈക്കോടതി
national news
അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടി കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2024, 4:53 pm

ന്യൂദല്‍ഹി: അങ്കോള-ഷിരൂര്‍ ദേശീയ പാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ റിപ്പോര്‍ട്ട് തേടി കര്‍ണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നാളെ (ബുധനാഴ്ച) രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണമെന്ന ഹരജി പരിഗണിച്ചുകൊണ്ടാണ് നടപടി.

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെയുണ്ടായ പുരോഗതി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഹരജിക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് ട്രക്ക് ഡ്രൈവറായ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായത്. അപകടം നടന്ന ദിവസം തന്നെ ബന്ധുക്കള്‍ കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മാത്രമാണ് തിരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞ ദിവസം റെഡാര്‍ ഉപയോഗിച്ച് വരെ പരിശോധന നടത്തിയിരുന്നു. റെഡാറില്‍ ലഭിച്ച സിഗ്‌നല്‍ കേന്ദ്രീകരിച്ചാണ് ഇതുവരെ തിരച്ചില്‍ നടന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗംഗാവലി നദിയില്‍ നിന്ന് 40 മീറ്റര്‍ അകലെ ഉദ്യോഗസ്ഥര്‍ക്ക് സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഈ സിഗ്‌നലിനെ കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള തിരച്ചില്‍. തിരച്ചിലിനായി കൂടുതല്‍ നാവിക സേന ഉദ്യോഗസ്ഥരും ഉപകരണങ്ങളും എത്തും.

ഷിരൂര്‍ ദേശീയ പാതയിലെ 98 ശതമാനം മണ്ണും നീക്കിയെന്നാണ് രക്ഷാ പ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ കഴിഞ്ഞ ദിവസം അറിയിച്ചത്. ജി.പി.എസ് സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ട്രക്ക് കണ്ടെത്താനായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlight: Karnataka High Court seeks report on Arjun’s rescue operation