| Friday, 29th July 2022, 2:26 pm

ബെംഗളൂരു സ്‌ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന കേസില്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅ്ദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കര്‍ണാടക സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച സുപ്രീംകോടതി മഅ്ദനി, തടിയന്റവിട നസീര്‍ ഉള്‍പ്പെടെ കേസിലെ 21 പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. പുതിയ തെളിവുകള്‍ പരിഗണിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.

ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണകോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേള്‍ക്കല്‍ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. വിചാരണ കോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേള്‍ക്കല്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നിഖില്‍ ഗോയല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, വിചാരണ പൂര്‍ത്തിയായ കേസില്‍ ഇനി പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് പ്രതികളുടെ വാദം. പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് വിചാരണ അനന്തമായി വൈകിപ്പിക്കും എന്നും പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റപത്രം നല്‍കിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരുമെന്നും പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.

തുടര്‍ന്നാണ് ഈ തെളിവുകള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്.

Content Highlight: Karnataka High Court says in Supreme Court that there is more evidence against PDP leader Abdul Nasser Madani in Bengaluru blast case

We use cookies to give you the best possible experience. Learn more