ബെംഗളൂരു: അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാന്‍ പിതാവായ പ്രതിയുടെ സമ്മതം വേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷയില്‍ കുഞ്ഞിന്റെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാല്‍ ബെംഗളൂരു യലഹങ്ക സബ് രജിസ്ട്രാര്‍ തള്ളിയതിനെതിരായ ഹരജിയിലാണ് കോടതി വിധി.
ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ കുഞ്ഞിനെ ദത്തെടുക്കാന്‍ അമ്മയുടെയും പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്മതം മതിയെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സബ് രജിസ്ട്രാറുടെ നടപടിയെ ചോദ്യം ചെയ്ത് അതിജീവിതയും അമ്മയും കുഞ്ഞിനെ ദത്തെടുക്കുന്ന ദമ്പതികളുമാണ് ഹരജി ഫയല്‍ ചെയ്തത്.
2015ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സുരക്ഷയും) നിയമത്തിലെ വ്യവസ്ഥകളും 2016ലെ ചട്ടങ്ങളും 2017ലെ റെഗുലേഷന്‍സിന്റെ 7(7) ചട്ടങ്ങളും അനുസരിച്ചാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ സ്‌നേഹവും പരിഗണനയും ലഭിക്കാതെ വരുന്ന കുട്ടികളെ ദത്തെടുക്കുന്നത് തടസപ്പെടുത്തിയാല്‍ അന്തസോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശമാണ് നഷ്ട്ടപ്പെടുന്നതെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്റെ ധാര്‍മിക ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിയുകയാണ്. 2023 നവംബര്‍ ഒന്ന് മുതല്‍ 2024 ജൂണ്‍ 20 വരെ പലതവണയായി പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പിന്നാലെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
2024 സെപ്റ്റംബര്‍ 30നാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. ഈ കുഞ്ഞിനെ ദത്തെടുക്കാനാണ് ദമ്പതികള്‍ അപേക്ഷ നല്‍കിയത്. പോക്സോ ആക്ട് 2012, സെക്ഷന്‍ 376, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയത്.
Content Highlight: Karnataka high court directs adoption deed registration without consent of biological father in rape case