റോഡ് നന്നാകണമെങ്കില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ സന്ദര്‍ശനം നടത്തണോ; തദ്ദേശസ്ഥാപനത്തെ വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി
national news
റോഡ് നന്നാകണമെങ്കില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ സന്ദര്‍ശനം നടത്തണോ; തദ്ദേശസ്ഥാപനത്തെ വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th June 2022, 5:42 pm

ബെംഗളൂരു: കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും സന്ദര്‍ശനത്തിന്റെ ഭാഗമായി സിവില്‍ ബോഡിയായ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) നഗരത്തിലെ റോഡ് നന്നാക്കിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

സിവിക് ഏജന്‍സികള്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യണമെങ്കില്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ ഇടയ്ക്കിടക്ക് നഗരം സന്ദര്‍ശിക്കുകയും വിവിധ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യണോ എന്നാണ് ഹൈക്കോടതി പരിഹാസരൂപേണ ആശ്ചര്യപ്പെട്ടത്.

ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക 23 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ റോഡുകള്‍ നന്നാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ പരാമര്‍ശം നടത്തിയത്.

”പ്രധാനമന്ത്രിയും പ്രസിഡന്റും ഇടക്കിടെ ബെംഗളൂരു സന്ദര്‍ശിക്കുകയാണെങ്കില്‍ നമ്മുടെ നാട്ടിലെ റോഡുകളുടെ കണ്ടീഷന്‍ ഒരുപക്ഷേ മെച്ചപ്പെട്ടേനെ. റോഡുകളിലെ കുഴികള്‍ അടക്കാന്‍ നിങ്ങള്‍ കഴിഞ്ഞയാഴ്ച 23 കോടി രൂപ ചെലവഴിച്ചു.

നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്യണമെന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി ഓരോ തവണയും ഓരോ റോഡുകളിലും മാറിമാറി സഞ്ചരിക്കേണ്ടതുണ്ടോ,” ഹൈക്കോടതി ചോദിച്ചു.

ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ), ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) എന്നിവയിലെ ഓഫീസര്‍മാര്‍ക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

തങ്ങളുടെ വീടുകളിലേക്കുള്ള വാട്ടര്‍ലൈന്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മഞ്ജുള പി, ശാരദമ്മ പി എന്നിവരാണ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹരജി നല്‍കിയത്.

Content Highlight: Karnataka High Court asks if PM & President have to visit Bengaluru often for civic agencies to do their duty