| Monday, 11th October 2021, 10:38 pm

വായില്‍ തോന്നിയത് പറഞ്ഞതല്ല, പറഞ്ഞതിന് തെളിവുണ്ട്; സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കര്‍ണാടക ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: ആധുനിക സ്ത്രീകള്‍ക്ക് കല്യാണം കഴിക്കാനും പ്രസവിക്കാനും താത്പര്യമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി കല്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍.

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് നിംഹാന്‍സില്‍ വെച്ച് നടത്തിയ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

തന്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വീഡിയോ മുഴുവന്‍ കാണണമെന്നുമാണ് മന്ത്രി പറയുന്നത്.

ഇത് താന്‍ പറഞ്ഞത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘യു ഗോവ്-മിന്റ്-സി.പി.ആര്‍ (YouGov-Mint-CPR) യുവതികള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്. 19 ശതമാനം സ്ത്രീകള്‍ക്ക് കല്യാണത്തിലോ ഗര്‍ഭധാരണത്തിലോ താത്പര്യമില്ല. 8 ശതമാനം സ്ത്രീകള്‍ക്ക് കുട്ടികള്‍ വേണം എന്നാല്‍ കല്യാണം വേണ്ട എന്ന നിലപാടാണ്, ഇക്കാര്യത്തില്‍ ലിംഗപരമായ വ്യത്യാസങ്ങളുമില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇക്കാര്യം ബാധകമാണ്,’ മന്ത്രി പറയുന്നു.

ഇത്തരത്തിലുള്ള പാശ്ചാത്യവത്കരണം നമ്മുടെ സംസ്‌കാരത്തിനെ ബാധിക്കുമെന്നും യുവതി-യുവക്കള്‍ക്ക് തങ്ങളുടെ മാനസികമായ ആരോഗ്യത്തിന് ആശ്വാസമാകാന്‍ പരമ്പരാഗതമായ കുടുംബവ്യവസ്ഥിതിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സത്രീകളില്‍ ഭൂരിഭാഗവും അവിവാഹിതരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും. പലരും വാടക ഗര്‍ഭധാരണത്തിലേക്കാണ് നീങ്ങുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്.

‘ഇന്ന് ഇത് പറയേണ്ടി വരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. രാജ്യത്തെ ആധുനിക സ്ത്രീകളില്‍ ഭൂരിഭാഗവും അവിവാഹിതരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അഥവാ വിവാഹത്തിന് തയ്യാറായാല്‍ തന്നെ ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ അവര്‍ക്ക് താത്പര്യമില്ല. പകരം വാടക ഗര്‍ഭധാരണത്തിലേക്കാണ് നീങ്ങുന്നത്. ചിന്തകളില്‍ വരുന്ന മാറ്റത്തിന്റെ ഫലമാണത്. ഇതൊന്നും നല്ലതിനല്ല’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഇന്ത്യന്‍ സമൂഹത്തില്‍ പാശ്ചാത്യ സ്വാധീനം വര്‍ദ്ധിക്കുന്നെന്നും മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തം മാതാപിതാക്കളെ തങ്ങളോടൊപ്പം താമസിപ്പിക്കാന്‍ ഈ തലമുറ അനുവദിക്കുന്നില്ലെന്നും പിന്നെയല്ലേ മുത്തച്ഛനെയും മുത്തശ്ശിയെയും കൂടെ താമസിപ്പിക്കുന്നതെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങളായിരുന്നു സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നത്. മന്ത്രിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണെന്നും, പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പു പറയണമെന്നുമായിരുന്നു ആവശ്യമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Karnataka Health Minister with explanation after anti-woman remarks

Latest Stories

We use cookies to give you the best possible experience. Learn more