ബെംഗളൂരു: ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹരജി. സര്‍വേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. നേരത്തെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കാത്തലിക് ബിഷപ്പ് കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു.
പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കാണിച്ച് കൗണ്‍സില്‍ സര്‍ക്കാരിന് കത്തും അയച്ചിരുന്നു.
സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാളുകളിലും പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് സര്‍വേയെടുക്കാന്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി ഒഴിവാക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടതെന്നാണ് സമിതി പറഞ്ഞത്.
കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും സമിതി ചെയര്‍മാന്‍ എം.എല്‍.എ ഗൂളിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കും. സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമസഭയില്‍ അവതരിപ്പിക്കും,’ എന്ന് ഗൂളിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു.