ബെംഗളൂരു: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി കര്‍ണാടക ഹൈക്കോടതി. ലൈംഗികതിക്രമ കേസില്‍ പ്രതിയായ മുന്‍ ഹാസന്‍ എം.പിയും ജെ.ഡി.എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിലാണ് മുന്‍ ജെ.ഡി.എസ് എം.പിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
രേവണ്ണക്കെതിരായ രാഹുലിന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നായിരുന്നു പൊതുതാത്പര്യ ഹരജിയില്‍ ആരോപിച്ചിരുന്നത്. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
ദല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള രാഹുലിനെതിരായ കേസുകള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അടിസ്ഥാമാക്കിയുള്ളതാണെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിനെതിരായ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളുകയായിരുന്നു.
കോടതിയുടെ സമയം കളഞ്ഞതിന് ഹരജിക്കാര്‍ക്ക് 25,000 രൂപ പിഴയും കോടതി ചുമത്തി. ചീഫ് ജസ്റ്റിസ് എന്‍. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് പിഴ ചുമത്തിയത്.
ഓള്‍ ഇന്ത്യ ദളിത് ആക്ഷന്‍ കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഹരജി നല്‍കിയത്. പരിഗണിക്കാന്‍ മാത്രമുള്ള ആരോപണങ്ങള്‍ ഹരജിയുടെ ഉള്ളടക്കത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിഷയമായിരുന്നു പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍. 400 സ്ത്രീകളെ പ്രജ്വല്‍ പീഡനത്തിനിരയാക്കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ ഉടനീളം വിതരണം ചെയ്യപ്പെടുകയും ചെയ്തു. പ്രജ്വലിനെതിരായ കേസുകള്‍ കര്‍ണാടകയില്‍ ജെ.ഡി.എസിനും സംഖ്യകക്ഷിയായ ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
കേസില്‍ പ്രജ്വലിന്റെ പിതാവും ദേവഗൗഡയുടെ മരുമകനുമായ എച്ച്.ഡി. രേവണ്ണയെ സമാനമായ കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഇതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധി ഒരു പൊതുയോഗത്തിനിടെ ജെ.ഡി.എസ് നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ രാഹുലിന്റെ പ്രസ്താവന വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും ലിംഗാധിഷ്ഠിത വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ഹരജി ആവശ്യപ്പെട്ടിരുന്നു.
Content Highlight: Karnataka HC rejects PIL seeking apology from Rahul Gandhi over alleged remarks on women