ബെംഗളൂരു: എക്സാലോജിക് – സി.എം.ആർ.എൽ ഇടപാടുകളിൽ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്റെ ഹരജി തള്ളി കർണാടക ഹൈക്കോടതി.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ സ്റ്റേ ഇല്ലെന്നും അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.
ഒറ്റവരിയുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. വിധിപ്രസ്താവന അടുത്ത ദിവസം പുറത്തുവിടും.
കോർപ്പറേറ്റ് മേഖലയിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയാണ് എസ്.എഫ്.ഐ.ഒ അഥവാ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്.
നേരത്തെ ബെംഗളൂരു ആർ.ഒ.സിയും എറണാകുളം ആർ.ഒ.സിയും നടത്തിയ അന്വേഷണത്തിൽ സി.എം.ആർ.എല്ലുമായുള്ള എക്സാലോജിക്കിന്റെ ഇടപാടിൽ ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
തുടർന്നാണ് ആർ.ഒ.സിയിൽ നിന്ന് എസ്.എഫ്.ഐ.ഒയിലേക്ക് അന്വേഷണം കൈമാറിയത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. പരാതിയിൽ അന്വേഷണം നടത്താൻ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
Content Highlight: Karnataka HC rejected plea of Exalogic to cancel SFIO investigation