'എല്ലാ പ്രതിഷേധങ്ങളെയും ഇങ്ങനെ അടിച്ചമര്‍ത്താനാണോ ഭാവം?'; നിരോധനാജ്ഞയില്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി
CAA Protest
'എല്ലാ പ്രതിഷേധങ്ങളെയും ഇങ്ങനെ അടിച്ചമര്‍ത്താനാണോ ഭാവം?'; നിരോധനാജ്ഞയില്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 3:07 pm

ബംഗലൂരു: ബംഗലൂരുവിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ഷിച്ച് കര്‍ണാടക ഹൈക്കോടതി. ഡിസംബര്‍ 19 മുതല്‍ 21 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകകളുടെ നിയമസാധുത പരിശോധിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

‘എല്ലാ പ്രതിഷേധങ്ങളെയും വിലക്കാനാണോ നിങ്ങളുടെ ഭാവം? കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് മുമ്പ് അനുവദിച്ച അനുമതി നിങ്ങള്‍ക്ക് എങ്ങനെ റദ്ദാക്കാനാകും?’, ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് സര്‍ക്കാരിനോട് ചോദിച്ചു. നിരോധനാജ്ഞയ്‌ക്കെതിരെയുള്ള വാദങ്ങള്‍ കേള്‍ക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

എല്ലാ പ്രതിഷേധങ്ങളും അക്രമാസക്തമാകുമെന്ന് എങ്ങനെയാണ് മുന്‍കൂട്ടി ധരിക്കുക? സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കില്‍ ഒരു എഴുത്തുകാരനോ കലാകാരനോ സമാധാനപരമായ പ്രതിഷേധം നടത്താന്‍ കഴിയില്ലേ, ”ചീഫ് ജസ്റ്റിസ് ചോദിച്ചു.

പ്രതിഷേധം നടത്താന്‍ പോലീസ് ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും 144 വകുപ്പ് ചുമത്തിയ ശേഷം അത് റദ്ദാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാല് മണിക്ക് മറുപടി സമര്‍പ്പിക്കാനും കോടതി എ.ജിയോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗലൂരുവില്‍ തെരുവിലിറങ്ങിയ നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്ര ഗുഹയടക്കമുള്ള പ്രമുഖരായിരുന്നു അറസ്റ്റിലായത്. ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ