ബെംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയും മകൻ അജയ് ജോഷിയും കൂട്ടാളി വിജയലക്ഷ്മിയും ഉൾപ്പെട്ട ക്രിമിനൽ കേസിൻ്റെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകി കർണാടക ഹൈക്കോടതി. ഇവരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാനും കോടതി ഉത്തരവിട്ടു.
മുൻ എം.എൽ.എ ദേവാനന്ദ് ഫൂൽ സിങ് ചവാൻ്റെ ഭാര്യ സുനിത ചവാൻ്റെ പരാതിയെ തുടർന്നായിരുന്നു ഇവരെ മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്. പ്രതികളുടെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് പ്രതികൾ രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ അവർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും വിശ്വാസവഞ്ചന കാണിച്ചെന്നും ആരോപിച്ചായിരുന്നു പരാതി.
പരാതിയിൽ തന്നെ പറഞ്ഞിരിക്കുന്നതു പോലെ സാമ്പത്തിക തർക്കമാണ് പരാതിയുടെ കാതൽ എന്ന് നിരീക്ഷിച്ച കോടതി, സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് ഫയൽ ചെയ്തതെന്ന് എടുത്തുകാണിച്ചു. തുക തിരിച്ചടയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു.
പ്രഹ്ലാദ് ജോഷി കേസിൽ നിന്ന് വിട്ടുനിൽക്കുകയും ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
Content Highlight: Karnataka HC halts probe orders release of Minister’s brother in alleged cheating case