| Wednesday, 6th November 2019, 10:28 pm

ബി.ജെ.പിക്ക് തിരിച്ചടി; ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയ നടപടി പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തലാക്കിയ നടപടി സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി.

നവംബര്‍ പത്തിന് ആരെങ്കിലും ടിപ്പു ജയന്തി ആഘോഷിക്കുകയാണെങ്കില്‍ ക്രമസമാധാനവും ഐക്യവും ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

കര്‍ണാടക സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ നീതിയുക്തമായ നടപടി ടിപ്പു ജയന്തി ആഘോഷത്തില്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലക്‌നൗ സ്വദേശിയായ ബിലാല്‍ അലി ഷായും രണ്ടു സംഘടനകളും ചേര്‍ന്ന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒഖ, ജസ്റ്റിസ് എസ്.ആര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാാനുള്ള തീരുമാനം കൈക്കൊള്ളുന്നതിന് ബി.ജെ.പി സര്‍ക്കാര്‍ മന്ത്രിസഭാ യോഗം പോലും ചേര്‍ന്നിരുന്നില്ലെന്നും ഒറ്റ ദിവസംകൊണ്ട് എടുത്ത തീരുമാനമാണിതെന്നും കോടതി നിരീക്ഷിച്ചു. ഏകപക്ഷീയമായി എടുക്കേണ്ട ഒരു തീരുമാനമല്ല ഇതെന്നും കോടതി വ്യക്തമാക്കി.

കുടക് ജില്ലയിലെ സാമുദായിക സംഘര്‍ഷം കണക്കിലെടുത്താണ് ആഘോഷങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു.

ആഘോഷങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്നും ടിപ്പുവിന്റെ ജന്മവാര്‍ഷികാഘോഷം പരാതിക്കാരനോ മറ്റുള്ളവരോ ആഘോഷിച്ചാല്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ 30നാണ് ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാറിന്റെ കാലത്ത് ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ ബി.ജെ.പി വലിയ തോതില്‍ പ്രതിഷേധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more