| Wednesday, 30th October 2024, 2:09 pm

കര്‍ണാടകയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാര്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീ വോട്ടര്‍മാര്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രസിദ്ധീകരിച്ച സംയോജിത കരട് വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് വന്നത്.

221 ലെജിസ്ലേറ്റീവ് അസംബ്ലി മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലുള്ള കരട് പട്ടിക പ്രകാരം 2.72 കോടി സ്ത്രീകളാണ് വോട്ടര്‍ പട്ടികയിലുള്ളത്. അതേസമയം 2.71 കോടി പുരുഷന്മാരും 5,022 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.

നിലവിലുള്ള പട്ടിക പ്രകാരം പുരുഷന്മാരേക്കാള്‍ 36,462 സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്. ആദ്യമായാണ് കര്‍ണാടകയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത്.

സാധാരണ നിലയില്‍ വനിതാ വോട്ടര്‍മാര്‍ ചില ജില്ലകളില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ അനുമാനത്തില്‍ ഇപ്രാവശ്യത്തെ കണക്കുകള്‍ തെരഞ്ഞെടുപ്പില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ കണക്കുകള്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് ബാധിക്കില്ലെന്നും പക്ഷെ ജെന്‍ഡര്‍, തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഘടകമാണെന്നും സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലങ്ങളില്‍ ഇക്കാര്യങ്ങള്‍ പരിഗണിച്ചുപോവുമെന്നും രാഷ്ട്രീയ നീരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളായ ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂര് എന്നിവിടങ്ങളിലെ കണക്ക് നിലവിലെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

കരട് വോട്ടര്‍ പട്ടിക പ്രകാരം ആകെ വോട്ടര്‍മാരുടെ എണ്ണം 54396974 ആണ്. അന്തിമ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കോ തിരുത്തലുകള്‍ക്കോ എതിര്‍പ്പുകള്‍ക്കോ 2024 നവംബര്‍ 28 വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കാം. അന്തിമ വോട്ടര്‍ പട്ടിക ജനുവരി 6 ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlight: Karnataka has more women voters than men, reports say

We use cookies to give you the best possible experience. Learn more