ശ്രീരാമസേന പ്രതിഷേധ ദിനത്തില്‍ വ്യാപക അക്രമം; ഇന്ന് ഹര്‍ത്താല്‍
India
ശ്രീരാമസേന പ്രതിഷേധ ദിനത്തില്‍ വ്യാപക അക്രമം; ഇന്ന് ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2010, 11:41 pm

മംഗലാപുരം: ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ മുഖത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചായം തേച്ചതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ പരക്കെ അക്രമം. മംഗലാപുരത്ത് അഞ്ച് സ്വകാര്യ ബസുകള്‍ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ തകര്‍ത്തു. മംഗലാപുരം നീര്‍മാര്‍ഗില്‍ സ്വകാര്യ ബസ് അടിച്ചു തകര്‍ത്ത ശേഷം തീവെക്കാന്‍ ശ്രമം നടന്നു. അക്രമത്തെ തുടര്‍ന്ന് മംഗലാപുരത്ത് എഴുപത് ശതമാനത്തോളം വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് ശ്രീരാമസേന ഇന്ന് കര്‍ണാടകയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.

ഗുല്‍ബര്‍ഗ്ഗയില്‍ അക്രമാസക്തരായ ശ്രീരാമസേന പ്രവര്‍ത്തകര്‍ ഡി സി സി ഓഫീസ് കത്തിച്ചു. ജിംകണ്ഠിയിലും കോണ്‍ഗ്രസ് ഓഫീസിനു നേരെ ആക്രമണമുണ്ടായി. മംഗലാപുരത്ത് എട്ടു ബസുകള്‍ തകര്‍ത്തു. ബണ്ട്വാളില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരായ രണ്ടുപേരെ ഏഴംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ബണ്ട്വാളിലെ ഉസ്മാന്‍ ഫൈസി, മുഹമ്മദ് അഷ്‌റഫ് ഫൈസി എന്നിവര്‍ക്കാണ് കുത്തേറ്റത്. തലപ്പാടിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും.

വ്യാഴാഴ്ച്ച മംഗലാപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുത്തലിക്കിന്റെ മുഖത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചായം തേക്കുകയായിരുന്നു. ഫെബ്രവരി 14ന് നടക്കുന്ന പ്രണയദിനത്തില്‍ റോഡിലും, പാര്‍ക്കിലും, റസ്‌റ്റോറന്റിലും സംസാരിച്ചിരിക്കുന്ന കമിതാക്കളെ പിടികൂടി വിവാഹം കഴിപ്പിക്കുമെന്ന് മുത്തലിക്ക് പ്രസ്താവിച്ചിരുന്നു.