ബെംഗളൂരു: നീറ്റ് പരീക്ഷക്കെതിരെ പ്രമേയം പാസാക്കി കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍ പ്രവേശനത്തിനായി നേരത്തേയുണ്ടായിരുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. പശ്ചിമ ബംഗാളും തമിഴ്നാടും സമാനമായ ആവശ്യം ഉന്നയിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.
നീറ്റ് പരീക്ഷ സംവിധാനം ഗ്രാമീണരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. സ്വന്തം സംസ്ഥാനത്തുള്ള മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശമാണ് നീറ്റ് പരീക്ഷയിലൂടെ നിഷേധിക്കപ്പെട്ടതെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.
നീറ്റ് നിര്‍ത്തലാക്കണമെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് കര്‍ണാടക ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തുടനീളം ശക്തമായ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ടി ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ നടത്തണമെന്നാണ് ബംഗാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ പ്രവേശനത്തിനായി ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയാണ് നേരത്തെ നടത്തിയിരുന്നത്. കര്‍ണാടകയില്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും. കര്‍ണാടക പരീക്ഷാ അതോറിറ്റിയാണ് ഇത് നടത്തിയിരുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷ നിര്‍ത്തലാക്കണമെന്നും പകരം പ്ലസ് ടുവില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്നാണ് തമിഴ്‌നാട് മുന്നോട്ടുവെച്ച ആവശ്യം.
ഇന്നലെയാണ് നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ മമത സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. ജൂണില്‍ തമിഴ്നാട്ടിലെ ഡി.എം.കെ സര്‍ക്കാരും സമാനമായ പ്രമേയം പാസാക്കിയിരുന്നു. ജൂണ്‍ 28 നാണ് ദേശീയ പരീക്ഷക്കെതിരെ ഡി.എം.കെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.
കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷാ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ നീറ്റില്‍ പുനഃപരീക്ഷ നടത്തില്ലെന്നും സുപ്രീം കോടതി പറയുകയുണ്ടായി. വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
Content Highlight: Karnataka govt passes resolution against NEET exam