| Friday, 16th August 2024, 2:30 pm

എസ്.ബി.ഐ, പി.എന്‍.ബി ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും പഞ്ചാബ് നാഷണല്‍ ബാങ്കുമായുമുള്ള മുഴുവന്‍ ഇടപാടുകളും അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക സര്‍ക്കാര്‍.

എസ്.ബി.ഐ, പി.എന്‍.ബി ബാങ്കുകള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയത് കൊണ്ടാണ് ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവര്‍ പ്രസ്തുത ബാങ്കുകളുമായി ഇടപാടുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ധനകാര്യ സെക്രട്ടറി പി.സി ജാഫറാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഇരു ബാങ്കുകളിലുമായി 22 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാങ്കുകള്‍ സഹകരിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡും കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉള്‍പ്പെട്ടതാണ് കേസ്.

കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ രാജാജിനഗര്‍ ബ്രാഞ്ചില്‍ 25 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഇതില് 13 കോടി രൂപ ബാങ്ക് തിരികെ നല്‍കിയില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.

കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും എസ്.ബി.ഐയും തമ്മിലുള്ള കേസിലും സമാനമായ സാഹചര്യമാണ്. എസ്.ബി.ഐയുടെ മൈസൂരു ബ്രാഞ്ചില്‍ 10 കോടി രൂപ കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിക്ഷേപിച്ചിരുന്നു.

എന്നാല് കാലാവധി പൂര്‍ത്തിയായതിനുശേഷം പണം തിരികെയെടുക്കാന്‍ സാധിക്കാത്തത് സ്വകാര്യ കമ്പനി വ്യാജരേഖകളുണ്ടാക്കി പണം തട്ടി എടുത്തതിനാലാണെന്ന് മനസ്സിലായിട്ടും റീഫണ്ട് നല്‍കാന്‍ ബാങ്ക് തയ്യാറായില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.

സര്‍ക്കാരുമായുള്ള ഇടപാടുകളില്‍ സുതാര്യത പുലര്‍ത്താത്തതും സാമ്പത്തിക ക്രമക്കേടുകളുമാണ് ബാങ്കുകളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പറയുന്നത്. സെപ്തംബര്‍ 20 ന് മുന്‍പ് എല്ലാ അക്കൗണ്ടുകളും അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും (സി.എ.ജി) പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ട് ബാങ്കുകളുമായുള്ള ബന്ധം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ മാസം പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി പറഞ്ഞിരുന്നു.

Karnataka govt cut ties with SBI, PNB over financial frauds

We use cookies to give you the best possible experience. Learn more