| Wednesday, 6th May 2020, 12:23 pm

സാമ്പത്തിക നേട്ടത്തിന് അതിഥി തൊഴിലാളികളെ ചൂഷണം ചെയ്ത് കർണാടക; നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിനുകൾ റദ്ദ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കർണാടക: അതിഥി തൊഴിലാളികളെ നാടുകളിലേക്ക് തിരികെയെത്തിക്കാനുള്ള ട്രെയിനുകൾ റദ്ദ് ചെയ്ത കർണാടക സർക്കാർ. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ എല്ലാ അതിഥി തൊഴിലാളികളോടും നാട്ടിലേക്ക് മടങ്ങരുത് എന്നാവശ്യപ്പെട്ടതിന്റെ തൊട്ട് പിന്നാലെയാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ ഏർപ്പെടുത്തിയിരുന്ന എല്ലാ ട്രെയിനുകളും റദ്ദ് ചെയ്തത്. ബുധനാഴ്ച്ചത്തേക്ക് ക്രമീകരിച്ചിരുന്ന എല്ലാ ട്രെയിനുകളും റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ ദക്ഷിണമേഖല റെയിൽവേയ്ക്ക് കത്തും അയച്ചു.

കർണാടക അതിഥി തൊഴിലാളികൾക്കായുള്ള നോഡൽ ഓഫീസർ എൻ. മഞ്ജുനാഥ പ്രസാദാണ് റെയിൽവേയ്ക്ക് കത്തയച്ചത്. ബം​ഗളരുവിൽ നിന്ന് ബീഹാറിലേക്ക് പോകാനിരുന്ന മൂന്ന് ട്രെയിനുകളാണ് നിലവിൽ റദ്ദ് ചെയ്തിരിക്കുന്നതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ആയിരകണക്കിന് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ കർണാടകയിൽ കുടുങ്ങിക്കിടക്കുകയാണ്. ‌

ചൊവ്വാഴ്ച്ച കർണാടകയിൽ നിന്ന് 1199 പേർ നാട്ടിലേക്ക് മടങ്ങിയിരുന്നു. 35 കിലോമീറ്റർ ദൂരം നടന്ന് റെയിൽവേ സ്റ്റേഷനലെത്തിയ നിരവധി തൊഴിലാളികളെ മുൻകൂർ രജിസ്ട്രേഷൻ നടത്തിയില്ലെന്ന് കാണിച്ച് തിരിച്ചയക്കുകയാണ് ബി.എസ് യെദിയൂരപ്പ സർക്കാർ ചെയ്തത്.

ചൊവ്വാഴ്ച്ച തന്നെ കോൺഫഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധി അതിഥി തൊഴിലാളികളുടെ മടക്കവുമായി സംബന്ധിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ചർച്ച നടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. അതുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾ മടങ്ങിപോകരുത് എന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം യെദിയൂരപ്പ പ്രതികരിച്ചിരുന്നു.
അതേസമയം ട്രെയിനുകൾ റദ്ദ് ചെയ്തതിൽ റെയിൽവേയ്ക്ക് പങ്കില്ലെന്ന് ദക്ഷിണ റെയിൽവേ ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more