ബെംഗളൂരൂ: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും ഒക്ടോബര്‍ അവസാനം വരെയുള്ള യാത്രകള്‍ മാറ്റിവയ്ക്കാനോ ഒഴിവാക്കാനോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ബിസിനസ് അഡ്മിനിസ്‌ട്രേറ്റര്‍മാരോടും നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ ഈ നടപടി.
‘ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചും, കേരളത്തില്‍ നിന്ന് മടങ്ങിയെത്തുന്നവരെ പല തവണ കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയിട്ടും ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലുമടക്കം കേസുകളുടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടാവുന്നത്,’ സര്‍ക്കാര്‍ പറയുന്നു.
എല്ലാ അഡ്മിനിസ്‌ട്രേറ്റര്‍മാരോടും സ്‌കൂള്‍/നഴ്‌സിംഗ്/പാരാമെഡിക്കല്‍ കോളേജുകളുടെ പ്രിന്‍സിപ്പാളുകളോടും, ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഉടമകളോടും ഇതുവരെ സംസ്ഥാനത്തിലേക്ക് മടങ്ങിയെത്താത്ത ജീവനക്കാരോട് യാത്ര ഒഴിവാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തിലേക്കുള്ള എല്ലാ വിധ യാത്രകളും ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കേരളത്തിലേക്ക് പോകേണ്ടതുള്ളൂ എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്നും, ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും എല്ലാവരും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Karnataka govt advises public to defer travel to Kerala