| Monday, 27th May 2019, 9:37 pm

കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയത് ബി.ജെ.പി നേട്ടമുണ്ടാക്കി; കര്‍ണാടക സര്‍ക്കാര്‍ ജൂണ്‍ പത്തിന് ശേഷം താഴെ വീഴുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക സഖ്യസര്‍ക്കാര്‍ ജൂണ്‍ പത്തിന് ശേഷം താഴെ വീഴുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എന്‍ രാജണ്ണ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടതോടെ കര്‍ണാടക സര്‍ക്കാരിന്റെ പതനം പൂര്‍ണമായെന്നും രാജണ്ണ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്നും അതുകൊണ്ടാണ് കര്‍ണാടകയില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയതെന്നും രാജണ്ണ പറഞ്ഞു.

എച്ച്.ഡി ദേവഗൗഡ പരാജയപ്പെട്ടത്തില്‍ ഉപമുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരനെതിരെ രാജണ്ണ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

‘സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജനങ്ങള്‍ക്കായി മണ്ഡലങ്ങളില്‍ ഒരു വികസനവും ചെയ്യാത്തതാണ് പരാജയങ്ങള്‍ക്കിടയാക്കിയത്. ഉപ മുഖ്യമന്ത്രിയായിട്ടും അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മെഡിക്കല്‍ കോളെജ് ആരംഭിക്കുന്നതിന് വേണ്ട നടപടികളുണ്ടാവാത്തത് വിജയം നഷ്ടപ്പെടുത്തി’- രാജണ്ണ കുറ്റപ്പെടുത്തി.

ജൂണ്‍ ഒന്നിനകം കര്‍ണാടക സര്‍ക്കാര്‍ വീഴുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ വെല്ലുവിളിച്ചിരുന്നു. സര്‍ക്കാരിനൊപ്പമുള്ള 20 എം.എല്‍.എമാര്‍ അതൃപ്തരാണെന്നും അവര്‍ ബി.ജെ.പിയില്‍ ചേരുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.

‘കഴിഞ്ഞ ഒരു വര്‍ഷമായി യെദ്യൂരപ്പ ഇത് തന്നെയാണ് പറയുന്നത്. അടുത്ത നാല് വര്‍ഷവും അദ്ദേഹം ഇത് പറയും. സര്‍ക്കാര്‍ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്’.

‘നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ഭരണഘടനയെ വണങ്ങുന്നത് കണ്ടിരുന്നു. ആ ഭരണഘടനയില്‍ ഞങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുന്ന ആര്‍ട്ടിക്കിളിനെക്കുറിച്ച് എവിടെയാണ് പറയുന്നതെന്നും’ സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.

225 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ 105 അംഗങ്ങളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 79 കോണ്‍ഗ്രസ് അംഗങ്ങളും 37 ജെ.ഡി.എസ് അംഗങ്ങളുമായി 117 അംഗങ്ങലുമായാണ് സഖ്യകക്ഷി കര്‍ണാടക ഭരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണ പ്രതിസന്ധിയിലാണ് കര്‍ണാടക.

We use cookies to give you the best possible experience. Learn more