| Tuesday, 12th December 2023, 11:03 pm

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 34 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സംസ്ഥാനത്ത് 13,308 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി 34 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഉന്നതതല ക്ലിയറന്‍സ് കമ്മിറ്റിയാണ് പദ്ധതികള്‍ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

ഉന്നതതല ക്ലിയറന്‍സ് കമ്മിറ്റിയുടെ അനുമതി ലഭിച്ച 14 പദ്ധതികളില്‍ 10 എണ്ണം 19 കോടി രൂപയുടെ പുതിയ സര്‍ക്കാര്‍ മുന്നേറ്റങ്ങളും ബാക്കിയുള്ള നാലെണ്ണം 14 കോടി രൂപയുടെ വരുന്ന വര്‍ഷത്തേക്കുള്ള അധിക നിക്ഷേപ പദ്ധതികളുമാണ്.

സംസ്ഥാനത്ത് 13 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ തായ്വാന്‍ ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയായ ഫോക്സ്‌കോണിന് അനുമതി നല്‍കിയതായും കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.

കര്‍ണാടകയില്‍ 8,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ കര്‍ണാടകയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യാവസായിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ പദ്ധതികളില്‍, ജെ.എസ്.ബ്ല്യു റിന്യൂ എനര്‍ജി ഫോര്‍ ലിമിറ്റഡ്, ജാങ്കി കോര്‍പ് ലിമിറ്റഡ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ്, ഓറിയന്റ് സിമന്റ് ലിമിറ്റഡ് എന്നിവ ഉള്‍പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഈ നാല് പദ്ധതികളിലൂടെ ഒമ്പത് കോടി രൂപയുടെ നിക്ഷേപവും വടക്കന്‍ കര്‍ണാടകയില്‍ 3,538 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കണക്കുക്കൂട്ടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജെ.എസ്.ഡബ്ല്യു റിന്യൂ എനര്‍ജി ഫോര്‍ ലിമിറ്റഡ് (4,960 കോടി രൂപ), ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡ് (3,804 കോടി), ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് (3,237.30 കോടി രൂപ), ട്രിലേറ്റ് ബെംഗളൂരു സ്മിറ്റേറ്റ് ലിമിറ്റഡ് (3,273 കോടി രൂപ നിക്ഷേപം), ജാങ്കി കോര്‍പ് ലിമിറ്റഡ് (607 കോടി രൂപയുടെ അധിക നിക്ഷേപം) എന്നിവയാണ് കര്‍ണാടക സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച നിക്ഷേപ പദ്ധതികള്‍.

Content Highlight: Karnataka government has approved 14 projects worth Rs 34 crore to create employment opportunities

We use cookies to give you the best possible experience. Learn more