ബെംഗളൂരു: കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ 1600കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ഷകര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, കൈത്തറി നെയ്ത്തുകാര്‍, പുഷ്പ ഉത്പാദകര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍,ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പുഷ്പ ഉത്പാദകര്‍ക്ക് വിളനാശം ഒരു പരമാവധി ഒരു ഹെക്ടറായി പരിമിതപ്പെടുത്തി ഹെക്ടറിന് 25,000 രൂപ ആശ്വസ ധനം ലഭിക്കും. അലക്കുകാര്‍ക്കും ബാര്‍ബര്‍മാര്‍ക്കും 5,000 രൂപ വീതം ലഭിക്കും. ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്കും 5,000 രൂപ ലഭിക്കും. കെട്ടിട തൊഴിലാളികള്‍ക്ക് ആദ്യം ലഭിച്ച് 2,000ത്തിന് പുറമെ 3,000 കൂടി ലഭിക്കും.
‘കര്‍ഷകര്‍ക്ക് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലുള്ള അലക്കു തൊഴിലാളികളെയും ബാര്‍ബര്‍മാരെയുമൊക്കെ കൊവിഡ് കാര്യമായി ബാധിച്ചിട്ടുണ്ട്. 2,30,000 വരുന്ന ബാര്‍ബര്‍മാര്‍ക്കും 60,000ത്തോളം വരുന്ന അലക്കു തൊഴിലാളികള്‍ക്കും 5000 രൂപ വീതം ഒറ്റത്തവണ ആശ്വാസ ധനം നല്‍കും,’ ബി.എസ് യെദിയൂരപ്പ പറഞ്ഞു.
കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്കും 2,000 രൂപ വീതം അവരുടെ അക്കൗണ്ടുകളിലേക്ക് വരും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
കര്‍ണാടകയിലെ മൂന്നു ജില്ലകളിലാണ് ഇതുവരെ റെഡ്‌സോണുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെ വലിയ വരുമാന മാര്‍ഗമായ ബെംഗളൂരുവിലടക്കം കൊവിഡ് വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 671 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. 29 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
സംസ്ഥാനത്ത് മദ്യവില്‍പന പുനരാരംഭിച്ച ആദ്യദിവസമായ തിങ്കളാഴ്ച 45 കോടിയും രണ്ടാമത്തെ ദിവസം 197കോടി രൂപയുമാണ് സര്‍ക്കാരിന് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.