ബെംഗളൂരു: കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടേയും പ്രാര്‍ത്ഥനാകേന്ദ്രങ്ങളുടേയും കണക്കെടുക്കാനുള്ള നടപടി ആരംഭിച്ച് സര്‍ക്കാര്‍.
ഇന്റലിജന്‍സാണ് വിവരം ശേഖരിക്കുന്നതെന്നാണ് വിവരം. ജില്ലാതല യൂണിറ്റുകളില്‍ നിന്ന് വിവരം തേടി എസ്.പിമാര്‍ക്ക് എ.ഡി.ജി.പി കത്തുനല്‍കി.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിയിരുന്നു.
ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെയും പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കണക്കെടുക്കുന്നത് അനാവശ്യമാണെന്നും ഒരു സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നുമാണ് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോ പ്രതികരിച്ചത്.
കര്‍ണാടക ബി.ജെ.പി സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി ഒഴിവാക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടതെന്നാണ് സമിതി പറഞ്ഞത്.
കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും സമിതി ചെയര്‍മാന്‍ എം.എല്‍.എ ഗൂളിഹട്ടി ശേഖര്‍ പറഞ്ഞിരുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും സര്‍വേ നടപടികളുമായി മുന്നോട്ടുപോകാനും സമിതി ആവശ്യപ്പെട്ടിരുന്നു.
‘സംസ്ഥാനത്ത് 1790 ക്രിസ്ത്യന്‍ പള്ളികളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സംസ്ഥാനത്ത് എത്ര ക്രിസ്ത്യന്‍ പള്ളികള്‍ അനധിതൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തണം. സംസ്ഥാനത്താകെ 36 നിര്‍ബന്ധിത മതപരിവര്‍ത്തന പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കും. സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമസഭയില്‍ അവതരിപ്പിക്കും,’ എന്നാണ് ഗൂളിഹട്ടി ശേഖര്‍ പറഞ്ഞത്.