ബെംഗളൂരു: കര്‍ണാടകത്തില്‍ മഴക്കെടുതി ബാധിച്ചവര്‍ക്കു നേരെ നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാര്‍ക്കു നേരെയാണ് പൊലീസ് ലാത്തിവീശിയത്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നാകെ പറയാന്‍ വേണ്ടിയാണ് അവര്‍ വാഹനവ്യൂഹം തടഞ്ഞത്.
ഇന്നലെ ഗഡഗ് ജില്ലയിലെ കോന്നൂര്‍ താലൂക്ക് സന്ദര്‍ശിക്കാന്‍ പോകവെയാണ് യെദ്യൂരപ്പയെ തടഞ്ഞതും തുടര്‍ന്ന് ലാത്തിച്ചാര്‍ജുണ്ടായതും. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് പൊലീസ് ലാത്തിവീശിയത്.
ജനങ്ങളെ പൊലീസ് മര്‍ദ്ദിക്കുന്നതു കണ്ടിട്ടും യെദ്യൂരപ്പ കാറിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ടയാളുകളാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. അടിയന്തര നഷ്ടപരിഹാരമായി അവര്‍ക്കു തുക ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
കര്‍ണാടകത്തില്‍ മഴക്കെടുതിയില്‍പ്പെട്ട് 24 പേരാണ് മരിച്ചത്. ഒമ്പതുപേരെ കാണാതായി. 1024 ഗ്രാമങ്ങളെയാണ് മഴ കാര്യമായി ബാധിച്ചത്. 18 ജില്ലകളിലായി 80 താലുക്കുകളിലെ 2.43 ലക്ഷം പേരെയാണു മഴ ബാധിച്ചത്. ഓഗസ്റ്റ് നാലുമുതലാണു മഴ കനത്തത്.
എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പ്രതിരോധ സേനകള്‍, സൈന്യം, ദുരന്ത പ്രതിരോധ സേന തുടങ്ങിയവരാണു രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്കു കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
24 പേരില്‍ 16 പേരും മരിച്ചത് ഇന്നലെയായിരുന്നു. എട്ടുപേര്‍ ബെലഗാവിയിലും രണ്ടുപേര്‍ ഉത്തര കന്നഡയിലും മരിച്ചു.
അയ്യായിരം കോടിയുടെ നഷ്ടമാണു മഴക്കെടുതിയിലുണ്ടായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിഗമനം. 3.75 ലക്ഷം ഹെക്ടര്‍ വിളകള്‍, 14,000 വീടുകള്‍ 478 കിലോമീറ്റര്‍ വൈദ്യുത ലൈനുകള്‍ എന്നിവയ്ക്കു നാശനഷ്ടം നേരിട്ടു.
Friday: Flood affected people protest when CM BS Yediyurappa visited their marooned village Konnur in Gadag district. Police lathi charge them in front of CM #Karnatakaflood pic.twitter.com/2bFzq8ckvp
— Soumya Chatterjee (@Csoumya21) August 10, 2019