ബെംഗളൂരു: കന്നഡ സിനിമാ നടന്‍ ചേതന്‍ അഹിംസയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് വിഷയത്തിലെ ഹരജികളിന്മേല്‍ വാദം കേള്‍ക്കുന്ന കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരായി ട്വീറ്റ് ചെയ്തു എന്ന പേരിലായിരുന്നു അറസ്റ്റ്.
ഹിജാബ് വിഷയത്തിലുള്ള ഹരജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗം കൃഷ്ണ എസ്. ദീക്ഷിതിനെതിരെയായിരുന്നു ട്വീറ്റ്.
രണ്ട് വര്‍ഷം മുമ്പ്, 2020 ജൂണില്‍, ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുള്ള അന്നത്തെ തന്റെ ട്വീറ്റ് ചേതന്‍ തന്നെ റീ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇതേ ജഡ്ജിയാണ് ശിരോവസ്ത്ര വിഷയത്തിലെ കേസ് പരിഗണിക്കുന്നതെന്നും ഇതിന്മേല്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടോ എന്നുമായിരുന്നു ചേതന്‍ പുതിയ ട്വീറ്റില്‍ ചോദിച്ചത്.
ചേതന്‍ അഹിംസയുടെ ഭാര്യ മേഘയാണ് നടന്‍ കസ്റ്റഡിയിലായ വിവരം കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ചേതന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ഇവര്‍ പറഞ്ഞു.
നടനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് മേഘ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
This is a tweet I wrote nearly two years ago regarding a Karnataka High Court decision
Justice Krishna Dixit made such disturbing comments in a rape case
Now this same judge is determining whether #hijabs are acceptable or not in govt schools
Does he have the clarity required? pic.twitter.com/Vg8VRXmJTW
— Chetan Kumar Ahimsa / ಚೇತನ್ ಅಹಿಂಸಾ (@ChetanAhimsa) February 16, 2022
”കന്നഡ സിനിമാ നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസയെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 505(2), 504 എന്നീ വകുപ്പുകളിന്മേല്‍ ചൊവ്വാഴ്ച എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ഷേഷാദ്രിപുരം പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്,” ബെംഗളൂരു സെന്‍ട്രല്‍ ഡിവിഷന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എം.എന്‍. അനുചേത് പറഞ്ഞു.
ഫെബ്രുവരി 16നായിരുന്നു ചേതന്റെ റീ ട്വീറ്റ്. ഇതിന് തൊട്ടുപിന്നാലെ പൊലീസ് ചേതന്‍ അഹിംസക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അഹിംസയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍പന്ത് പ്രതികരിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹിജാബ് വിഷയത്തിലെ കേസുകളിന്മേല്‍ പൊതുജനങ്ങള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിലാകുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിജാബ് വിഷയത്തില്‍ പ്രോ-ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലും ചേതന്‍ പങ്കെടുത്തിരുന്നു.
Content Highlight: Karnataka film actor Chetan Ahimsa arrested over his tweet about a judge hearing hijab petitions