ബെംഗളൂരു: കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 900 അനധികൃത ഗർഭഛിദ്രം നടത്തിയതിന് ബെംഗളൂരുവിൽ ഡോക്ടർമാർ ഉൾപ്പെടെ പെൺഭ്രൂണഹത്യ റാക്കറ്റിലെ ഒമ്പത് പേർ അറസ്റ്റിൽ.
മൈസൂരുവിലെ മാതാ ആശുപത്രിയിൽ വെച്ച് നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഡോക്ടർ ചന്ദൻ ബല്ലാലും ഇയാളുടെ ലാബ് ടെക്നീഷ്യൻ നിസാറും 25,000 രൂപയോളമായിരുന്നു ഈടാക്കിയിരുന്നത്. ലിംഗ നിർണയത്തിന് 5,000 മുതൽ 10,000 രൂപ വരെയും ഈടാക്കിയിരുന്നു.
ആശുപത്രിയുടെ മാനേജർ മീണ, റിസപ്ഷനിസ്റ്റ് റിസ്മ ഖാൻ എന്നിവരെ ഈ മാസം ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രി ഡോ. ബല്ലാലിന് 2018ൽ ലീസിന് നൽകിയ ഡോ. തുളസിറാമിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഗർഭഛിദ്രത്തിനായി ഒരു ഗർഭിണിയെ കാറിലിരുത്തി കൊണ്ടുപോകുന്നതിനിടയിൽ മൈസൂരിനടുത്തുള്ള മാണ്ഡ്യയിൽ വെച്ച് ശിവലിംഗെ ഗൗഡ, നയൻ കുമാർ, നവീൻ കുമാർ, ടി.എം. വീരേഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. തുടർന്നാണ് ലിംഗ നിർണയ, പെൺഭ്രൂണഹത്യ റാക്കറ്റിലേക്ക് പൊലീസ് അന്വേഷണം നീണ്ടത്.
രണ്ട് മാസത്തിലധികമായ അന്വേഷണത്തെ തുടർന്ന് കേസിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മാത്രം സംഘം 242 ഗർഭഛിദ്രങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മൂന്ന് വർഷത്തിനിടയിൽ സംഘം 900 ഗർഭഛിദ്രങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പി.ടി.ഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ചോദ്യം ചെയ്യലിനിടയിൽ പിടിയിലായവർ മാണ്ഡ്യയിലെ ശർക്കര നിർമാണ കേന്ദ്രം അൾട്രാസൗണ്ട് സ്കാൻ സെന്റർ ആയി പ്രവർത്തിക്കുന്ന കാര്യം വെളിപ്പെടുത്തി. ഇവിടെ നിന്ന് ഔദ്യോഗിക രേഖകളോ ആധികാരികതയോ ഇല്ലാത്ത ഒരു സ്കാനിങ് മെഷീനും പൊലീസ് ടീം പിടിച്ചെടുത്തു.
റാക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Content Highlight: Karnataka female foeticide racket; 900 illegal abortions in 3 years