| Monday, 24th January 2022, 2:47 pm

കാര്‍ വാങ്ങാനെത്തിയ കര്‍ഷകനെ അപമാനിച്ച് സെയ്ല്‍സ്മാന്‍; പിന്നെ കണ്ടത് സിനിമയെ വെല്ലുന്ന പ്രതികാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വസ്ത്രം കണ്ട് ഒരാളെ വിലയിരുത്തരുതെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന സംഭവങ്ങളായിരുന്നു കര്‍ണാടകയിലെ തുംകുരുവില്‍ കഴിഞ്ഞ ദിവസം കണ്ടത്. തന്റെ കൃഷിയുടെ ആവശ്യങ്ങള്‍ക്കായി ഒരു പിക്ക് അപ് വാന്‍ വാങ്ങാനെത്തിയ കര്‍ഷകനെ ഷോറൂമിലെ സെയ്ല്‍സ്മാന്‍ അപമാനിച്ച് പുറത്താക്കുകയും പിന്നീട് നടന്ന നാടകീയ രംഗങ്ങളെ അടിസ്ഥാനമാക്കിയാണ് സോഷ്യല്‍മീഡിയ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്.

തുംകുരു മഹീന്ദ്ര ഷോറൂമിലേക്ക് ബൊലേറോയുടെ പിക്ക് അപ് വാന്‍ വാങ്ങാനെത്തിയതായിരുന്നു കര്‍ഷകനായ കെംപഗൗഡ. എന്നാല്‍ കെംപഗൗഡയുടെ വസ്ത്രവും മറ്റും കണ്ട സെയ്ല്‍സ്മാന്‍ അദ്ദേഹത്തെ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു. പത്ത് രൂപ പോലും തികച്ചെടുക്കാനില്ലാത്തവനാണ് പത്ത് ലക്ഷത്തിന്റെ വണ്ടി വാങ്ങാന്‍ വന്നത് എന്നതായിരുന്നു സെയ്ല്‍സ്മാന്റെ പരിഹാസം.

എന്നാല്‍ അപമാനിതനായ കെംപഗൗഡ പിന്‍മാറാനൊരുക്കമല്ലായിരുന്നു. തനിക്ക് മഹീന്ദ്രയുടെ എസ്.യു.വി വേണമെന്നും, ഒരു മണിക്കൂറിനുള്ളില്‍ താന്‍ പണവുമായെത്തുമെന്നുമായിരുന്നു കെംപഗൗഡ പറഞ്ഞത്.

എന്നാല്‍ അത്തരമൊരു പ്രതികരണം സെയ്ല്‍സ്മാനോ ഷോറും മാനേജരോ പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ വെറുംവാക്ക് പറഞ്ഞതാവുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കെംപഗൗഡ പണവുമായെത്തുകയും അന്ന് തന്നെ എസ്.യു.വി ഡെലിവറി ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.

പക്ഷേ, അന്ന് തന്നെ തങ്ങള്‍ക്ക് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റില്ലെന്ന് ഷോറൂം അറിയിക്കുകയായിരുന്നു. നാല് ദിവസത്തിനകം എസ്.യു.വി ഡെലിവറി ചെയ്യാമെന്ന് അവര്‍ അറിയിക്കുകയുമായിരുന്നു.

എന്നാല്‍ അവരില്‍ നിന്നും കാര്‍ വാങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കര്‍ഷകന്റെ പ്രതികരണം.

തുടര്‍ന്ന് മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. പിന്നീട് സെയില്‍സ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പായത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്കും ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

വീഡിയോ കടപ്പാട് : എന്‍.ഡി.ടി.വി

We use cookies to give you the best possible experience. Learn more