|

'ധോത്തി ധരിച്ചെത്തുന്നവർക്കൊന്നും പ്രവേശനമില്ല'; കര്‍ണാടകയില്‍ കര്‍ഷകന് മാളിൽ പ്രവേശനം നിഷേധിച്ച് അധികൃതർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ധോത്തിയും തലപ്പാവും ധരിച്ചെത്തിയ കര്‍ഷകനെ മാളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് അധികൃതര്‍. ബെംഗളൂരുവിലെ ജി.ടി മാളിലാണ് സംഭവം നടന്നത്.

മകന്‍ നാഗരാജിനൊപ്പം, സിനിമ കാണാന്‍ മാളിലെത്തിയ ഫക്കീരപ്പന്‍ എന്ന കര്‍ഷകനാണ് തന്റെ വസ്ത്ര ധാരണത്തിന്റെ പേരില്‍ മാള്‍ അധികൃതരില്‍ നിന്ന് വിവേചനം നേരിടേണ്ടി വന്നത്. ജൂലൈ 16നാണ് സംഭവം നടന്നത്.

വസ്ത്ര ധാരണം ശരിയല്ലെന്നും പിതാവ് പാന്റ് ധരിക്കണമെന്നും മാള്‍ അധികൃതര്‍ നാഗരാജിനോട് പറഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാള്‍ അധികൃതരുടെ നടപടി മകന്‍ ചോദ്യം ചെയ്തതോടെയാണ് പിതാവ് പാന്റ് ധരിച്ചാല്‍ മാളില്‍ പ്രവേശിക്കാമെന്ന് ഇവര്‍ പറഞ്ഞത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാള്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്.

ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ക്ക് എങ്ങനെ ഇവര്‍ പറയുന്നത് പോലെ ധോതി ഉപേക്ഷിച്ച് പാന്റ് ധരിച്ച് വരാനാകുമെന്ന് മകന്‍ ചോദിച്ചു.

വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളോട് ഇത്തരത്തില്‍ പെരുമാറുന്നത് അന്യായമാണെന്ന് ഫക്കീരപ്പന്‍ പറഞ്ഞു. മാളിന്റെ മാനേജ്‌മെന്റ് ഫക്കീരപ്പനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതിന് പിന്നാലെ ജി.ടി മാള്‍ അധികൃതര്‍ ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ഫക്കീരപ്പന്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം തനിക്ക് അറിയാമെന്നും എന്നാല്‍ താന്‍ മുറുകെപ്പിടിച്ച സംസ്‌കാരം ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

‘എന്റെ അഞ്ച് മക്കളെയും ഞാന്‍ പഠിപ്പിച്ചു. അവര്‍ ഇപ്പോള്‍ നല്ല നിലയിലാണ്. എന്നാല്‍ എനിക്ക് എന്റെ സംസ്‌കാരവും വസ്ത്രധാരണ രീതിയും ഉപേക്ഷിച്ച് ഒരു മാളില്‍ പോകാനായി പാന്റ്‌ ധരിക്കാന്‍ കഴിയില്ല. നമ്മുടെ സംസ്ഥാനത്ത് ആളുകള്‍ക്ക് മറ്റുള്ളവരുടെ വസ്ത്രധാരണ രീതിയെയും സംസ്‌കാരത്തെയും കുറിച്ച് അപമാനം തോന്നുന്നത് സങ്കടകരമാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Karnataka: Farmer denied entry into a mall for wearing a dhoti