ബംഗലൂരു: കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്ന എക്സിറ്റ് പോള്‍ വിലയിരുത്തലുകള്‍ക്ക് പിന്നാലെ ഫലം ബി.ജെ.പിക്കനുകൂലമായാല്‍ കര്‍ണാടകയിലെ സഖ്യം ആശങ്കയിലാകുമെന്ന് ജെ.ഡി.എസ് വക്താവ് തന്‍വീര്‍ അഹമ്മദ്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം എന്തായാലും സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയും വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ 28 സീറ്റുകളില്‍ ഭൂരിഭാഗവും ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.
എക്സിറ്റ് പോളുകള്‍ ബിജെപിക്കായി തയ്യാറാക്കപ്പെട്ടവയാണെന്നും സര്‍വ്വെ നടക്കുന്നത് ഏകപക്ഷീയമായാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും എന്നാല്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് ഭീഷണികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സംസ്ഥാനത്ത് ബി.ജെപി.ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം തെളിയുമെന്ന് ബിജെപി നേതാവ് ബി.എസ് യെദ്യൂരിയപ്പ അഭിപ്രായപ്പെട്ടു. സഖ്യത്തില്‍ നീരസമുള്ള എം.എല്‍.എമാരുടെ നിലപാടിനനുസരിച്ചാവും കര്‍ണാടകയിലെ സഖ്യത്തിന്റെ ആയുസ്സെന്നും യെദ്യൂരിയപ്പ പറഞ്ഞു.
ദേശീയതലത്തില്‍ പത്തോളം ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത് മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ 120ഉം ഇരുമുന്നണികളുടെയും ഭാഗമല്ലാത്ത മറ്റുകക്ഷികളെല്ലാം ചേര്‍ന്ന് 118ഉം സീറ്റുകള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വെകളിലെ പൊതു അഭിപ്രായം. DoolNews Video