വിജയപുര: മുസ്‌ലിം രാജാക്കന്മാര്‍ ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി വസന്ത മുളസാവലാഗി. മറിച്ച് പറയുന്നവര്‍ ചരിത്രത്തെ കുറിച്ച് അറിവില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ നിറവേറിയോ എന്ന വിഷയവുമായി ബന്ധപ്പെട്ട സെമിനാറില്‍ വെച്ചാണ് ജഡ്ജ് മുളസാവലാഗി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 700 വര്‍ഷത്തോളം ഈ നാട് ഭരിച്ചിട്ടും മുസ്‌ലിങ്ങള്‍ ഇന്നും ന്യൂനപക്ഷമായി തുടരുന്നുണ്ടെങ്കില്‍, മുസ്‌ലിം രാജാക്കന്മാര്‍ ഹിന്ദുക്കള്‍ക്കെതിരെല്ലായിരുന്നു എന്ന വസ്തുതയാണ് അത് കാണിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.
‘മുസ്‌ലിങ്ങള്‍ അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ പലരും പറയുന്നുണ്ട്. ചരിത്രരേഖകള്‍ പ്രകാരം 700 വര്‍ഷത്തോളം ഈ നാട് ഭരിച്ചത് മുസ്‌ലിങ്ങളാണ്. അവര്‍ ഹിന്ദുക്കള്‍ക്കെതിരായിരുന്നെങ്കില്‍ നിങ്ങളെയെല്ലാം കൊന്നു കളയുമായിരുന്നില്ലേ.
അവര്‍ രാജാക്കന്മാരായിരുന്നു. ജനാധിപത്യരീതിയായിരുന്നില്ല അന്നുണ്ടായിരുന്നത്. എന്നിട്ടും മുസ്‌ലിങ്ങള്‍ എങ്ങനെ ന്യൂനപക്ഷമായി? ഇക്കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ലല്ലോ. അക്ബറിന്റെ ഭാര്യ ഒരു ഹിന്ദുവായിരുന്നു. അവര്‍ മതം മാറിയിട്ടില്ല. അക്ബര്‍ ഒരു കൃഷ്ണ ക്ഷേത്രം നിര്‍മിക്കുക കൂടി ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഇതിനെല്ലാമെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ചരിത്രത്തെ കുറിച്ച് ഒരു ബോധവുമില്ല, അത് കേട്ടിരിക്കുന്ന നമുക്ക് തലച്ചോറും,’ ജസ്റ്റിസ് മുളസാവലാഗി പറഞ്ഞു.
ഗ്യാന്‍വാപസി മസ്ജിദില്‍ ശിവലിംഗമുണ്ടെന്ന ആരോപണങ്ങളെയും അക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയും പ്രസംഗത്തില്‍ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
‘സ്വാതന്ത്ര്യം നേടിയ സമയത്തെ സ്ഥിതിയില്‍ തന്നെ ആരാധനാകേന്ദ്രങ്ങള്‍ തുടരണമെന്ന നിയമം 1990കളില്‍ ഈ നാട്ടില്‍ പ്രാബല്യത്തില്‍ വന്നു. എന്നിട്ടും ഒരു ജില്ലാ കോടതി ശിവലിംഗത്തെ കുറിച്ച് പരിശോധിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ ശിവലിംഗത്തില്‍ ബുദ്ധന്റെ ശില്‍പങ്ങളുണ്ട്. അതുപോലെ ഈ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിരവധി ബുദ്ധ പ്രതിമകളുമുണ്ട്.
നിങ്ങള്‍ അമ്പലെത്തെയും പള്ളിയെയും പറ്റി ഇങ്ങനെ ചര്‍ച്ച ചെയ്യുമ്പോള്‍, ഈ ‘ക്ഷേത്രങ്ങള്‍ക്ക്’ മുമ്പ് ഇവിടെ അശോക ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അത് ചരിത്രമാണ്. ഈ രാമനും കൃഷ്ണനുമൊക്കെ നോവലിലെ കഥാപാത്രങ്ങളാണ്, അല്ലാതെ ചരിത്രത്തിലുള്ളവരല്ല,’ ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ജഡ്ജിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഹിന്ദുത്വ പ്രൊഫൈലുകള്‍ വീഡിയോക്കെതിരെ അധിക്ഷേപവുമായി എത്തുന്നുണ്ട്.
Content Highlight: Karnataka EX Judge denies people who claim that Muslim kings of the past were against Hindus