Sports News
ഫയറായി പടിക്കല്‍, ഫോര്‍ഫര്‍ നേട്ടത്തില്‍ ഷെട്ടി; വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക ഫൈനലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 16, 05:47 am
Thursday, 16th January 2025, 11:17 am

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ സെമിഫൈനലില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കര്‍ണാടക. അഞ്ചുവിക്കറ്റിനാണ് കര്‍ണാടക ഹരിയാനയ്‌ക്കെതിരെ വിജയം നേടിയത്. വഡോദര ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കര്‍ണാടക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടിയ ലക്ഷ്യം മറികടക്കുകയായിരുന്നു.

കര്‍ണാടകയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ്. 113 പന്തില്‍ നിന്നും എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 86 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമേ സ്മരന്‍ രവിചന്ദ്രന്‍ 94 പന്തില്‍ നിന്നും 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 76 റണ്‍സ് ആണ് അടിച്ചെടുത്തത്. ഇരുവരുടെയും മിന്നും അര്‍ധ സെഞ്ച്വറിയിലാണ് ടീം വിജയത്തിലേക്ക് എത്തിയത്.

ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ സമ്മര്‍ദത്തിലായ ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ 22 റണ്‍സ് നേടിയ കെ.വി. അനീഷും പുറത്താകാതെ 23 റണ്‍സ് നേടിയ ശ്രേയസ് ഗോപാലും നിര്‍ണായകമായി.

ഹരിയാനയ്ക്ക് വേണ്ടി നിഷാന്ത് സിന്ധു രണ്ട് വിക്കറ്റും പാര്‍ത്ഥ് ശിവ് വാട്ട്സ്, അമിത് റാണ, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഹരിയാനയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അങ്കിത്ത് രാജേഷ് കുമാര്‍ 48 നേടി ഉയര്‍ന്ന സ്‌കോര്‍ നേടിയപ്പോള്‍ ഓപ്പണര്‍ ഹിമാന്‍ശു റാണ 44 റണ്‍സും നേടി, മറ്റാര്‍ക്കും തന്നെ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല.

കര്‍ണാടകയുടെ അഭിലാഷ് ഷട്ടിയുടെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് ഹരിയാനയെ എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിച്ചത്. നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ശ്രേയസ് ഗോപാല്‍. പ്രസീത് കൃഷ്ണ തുടങ്ങിയവര്‍ രണ്ട് വിക്കറ്റും നേടി മികവ് പുലര്‍ത്തി. ഇന്ന് നടക്കാനിരിക്കുന്ന (വ്യാഴം) രണ്ടാം സെമി ഫൈനലില്‍ വിദര്‍ഭ മഹാരാഷ്ട്രയെ നേരിടും. വിജയിക്കുന്ന ടീമുമായി കര്‍ണാടക വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫൈനലില്‍ ഏറ്റുമുട്ടും.

Content Highlight: Karnataka Enter Final In Vijay Hazare Trophy